ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഡൽഹിയിലും പ്രാണവായു ലഭിക്കാതെ നവജാത ശിശു മരിച്ചു. റാവു ടുല രാം ആശുപത്രിയിൽ തിങ്കളാഴ്ച ജനിച്ച കുട്ടിയാണ് മരിച്ചത്. ജനിച്ചയുടനെ കുട്ടിക്ക് ശ്വാസതടസം നേരിട്ടിരുന്നു. ഇതേതുടർന്നു കുട്ടിക്കു ഓക്സിജൻ നൽകാൻ ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ യഥാസമയം ഓക്സിജൻ നൽകാൻ അധികൃതർക്കു സാധിച്ചില്ലെന്നും ഇതേതുടർന്നാണ് കുട്ടി മരിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.ആശുപത്രിയിൽ ആവശ്യത്തിനുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാത്തതുമൂലമാണ് കുട്ടി മരിക്കാൻ ഇടയായതെന്നും കുട്ടിയുടെ പിതാവ് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഇതിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.