കാസറഗോഡ് : കാസറഗോഡ് സി ഐ അബ്ദുൽ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി ഐ യുടെ നേതൃത്വത്തിൽ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കുന്ന് സ്വദേശിയായ യുവാവിനെ കളനാട് നിന്നും പിടികൂടി. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കു നൽകാനുള്ള കഞ്ചാവുമായി വരികയായിരുന്ന പ്രതിയുടെ കൈവശം പിടിക്കപ്പെടുമ്പോൾ ഒരു കിലോയിലധികം കഞ്ചാവ് പ്ലാസ്റ്റിക് കവറിൽപൊതിഞ്ഞു നിലയിൽ പൊലീസ് കണ്ടെടുത്തു.
യാത്രക്കിടയിൽ ബൈക്കിൽ പെട്രോൾ നിറക്കാൻ വേണ്ടി പെട്രോൾ പമ്പിൽ കയറിയ യുവാവിനെ കാസറഗോഡ് നിന്നും പിന്തുടർന്ന് വരികയായിരുന്ന ഷാഡോ പോലീസ് സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസിന്റെ പിടിയിലായതോടെ യുവാവ് അക്രമാസക്തനാവുകയും ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസുകാരെ ആക്രമിച്ച രക്ഷപെടാൻ പ്രതി ശ്രമിക്കുന്നതിനിടെ ഷാഡോ പൊലീസ്കാർക്ക് പ്രതിയിൽനിന്നും കടിയും മർദ്ദനവും ഏൽക്കേണ്ടി വന്നു. ഷാഡോ പോലിസ് ഗ്രൂപ്പിൽ ഗോകുല, രാജേഷ്, സുനിൽകുമാർ, ഷിജിത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ വിപിനും സംഘവും എത്തി പ്രതിയെ കാസറഗോഡ് സ്റ്റേഷനിലേക് കൈമാറി.
കാസറഗോഡ് ജില്ലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലാ പൊലീസ് അധികാരികൾ ജാഗരൂഗരായിരിക്കുകയാണ്.ജില്ലയുടെ പലഭാഗത്തായി നടത്തിവരുന്ന കഞ്ചാവ് വേട്ടയുടെ ഭാഗമായി കിട്ടുന്ന രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം മഞ്ചേശ്വരം കേന്ദ്രമാക്കി കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ അബൂബക്കർ സിദ്ദിഖ് എന്ന ഹാരിസിനെ കുമ്പള സി ഐ മനോജ് കുമാറും സംഘവും പിടികൂടിയിരുന്നു.