
കൊച്ചി:ദിലീപിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന ആരോപണവുമായി ദിലീപിന്റെ അമ്മ.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.ചൊവ്വാഴ്ച ആണ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടിയാണു കേസ് അന്വേഷിക്കുന്നത്.കേസിൽ ഇരയാണ് ദിലീപ്.സത്യസന്ധമായ അന്വേഷണം നടത്തിയാൽ ദിലീപിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നും സരോജം നൽകിയ കത്തിൽ പറയുന്നു.ആദ്യത്തെ അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പാളിച്ചയുണ്ട്.നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി ക്രൈം ബ്രാഞ്ച് പോലുള്ള ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു.കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.