
മട്ടന്നൂർ ∙ പാലോട്ടുപള്ളിക്കു സമീപം യുഡിഎഫ് ആഹ്ലാദപ്രകടനത്തിനു നേരെ അക്രമം.മട്ടന്നൂർ നഗരസഭാ ഇലെക്ഷനിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.കെ.നജ്മയുടെ വിജയാഘോഷം നടക്കുന്നതിനിടെ ഒരു സംഘം ആളുകൾ സംഘടിച്ചെത്തി യൂത്ത് ലീഗ് പ്രവർത്തകരെ മർദിക്കുകയും യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി.ആർ.ഉബൈദിന്റെ കാർ അടിച്ചുതകർക്കുകയും നിർത്തിയിട്ട ഓട്ടോ തകർക്കുകയും ചെയ്തു. കോളാരി വനിതാ സഹകരണ സംഘത്തിന്റെ ചില്ലുകളും അക്രമിസംഘം എറിഞ്ഞു തകർത്തു. അക്രമത്തിൽ പരുക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകരായ കെ.സജാസ്(21), പി.ഫായിസ്(23), കെ.ആസിഫ്(22), കെ.മുനാസ്(21), ഷർജാസ്(22) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്.