Kerala

ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

keralanews fishermen withdrawn indefinite strike

കണ്ണൂർ:ആയിക്കര ഫിഷിങ് ഹാർബറിലെ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.എഡിഎമ്മുമായി നടത്തിയ ചർച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. ഹാർബറിലെ മണൽ‌ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചു രണ്ടു ദിവസമായി തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു.കഴിഞ്ഞ ദിവസം ആയിക്കരയിൽ ഹർത്താൽ നടത്തിയ മത്സ്യത്തൊഴിലാളികൾ ഹാർബർ എൻജിനീയർ ഓഫിസ് ഉപരോധിച്ചിരുന്നു.ഹാർബറിൽ മണൽ ഡ്ര‍ജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നത്.ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ചു മത്സ്യബോട്ടുകൾ അപകടത്തിൽ പെടുന്നതു പതിവായ സാഹചര്യത്തിലാണു തൊഴിലാളികൾക്കു സമരത്തിലേക്കു നീങ്ങേണ്ടിവന്നത്.അഴിമുഖത്ത് 20നു ഡ്രജിങ് പുനരാരംഭിക്കും. സ്ഥലമില്ലാത്തതിനാൽ ബാർജിൽ നിന്നു നാല് കിലോമീറ്റർ അകലെ ഉൾക്കടലിൽ ഡ്രജ് ചെയ്തെടുക്കുന്ന മണൽ തള്ളാനാണ് തീരുമാനം. അഴിമുഖത്തടിയുന്ന മണൽ കാരണം അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർപ്പാക്കാൻ എഡിഎം വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം.

Previous ArticleNext Article