അഹമ്മദാബാദ്:ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വിജയം.മണിക്കൂറുകൾ നീണ്ടു നിന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെയാണ് ഫലം പ്രഖ്യാപിച്ചത്.രാജ്യം ഉറ്റുനോക്കിയ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ തന്ത്രങ്ങളെ അതിജീവിച്ചാണ് കോൺഗ്രസ് വിജയം സ്വന്തമാക്കിയത്.അഹമ്മദ് പട്ടേലിന് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി എന്നിവരും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥിയായ ബൽവന്ത് സിംഗ് രജ്‌പുത് ആണ് അഹമ്മദ് പട്ടേലിനോട് പരാജയപ്പെട്ടത്.വോട്ടിങ് പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്.വോട്ടെണ്ണൽ ആരംഭിച്ചു അല്പസമയത്തിനകം തന്നെ നിർത്തിവെക്കേണ്ടി വന്നു.രണ്ടു എം എൽ എമാരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് വോട്ടെണ്ണൽ നിർത്തിവെച്ചത്.ഇവർ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പർ അമിത് ഷായെ ഉയർത്തി കാണിച്ചു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.കൂറുമാറി വോട്ട് ചെയ്ത വിമത എംഎൽഎ മാരുടെ വോട്ട് റദ്ദാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ വോട്ടെണ്ണൽ പുനരാരംഭിച്ചു.ഇതിനിടെ സമാന ആരോപണവുമായി ബിജെപി യും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.രണ്ടു വോട്ടുകൾ റദ്ദാക്കിയതോടെ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ 44 വോട്ടുകൾ മതി എന്നായി.കൃത്യം 44 വോട്ടുകൾ നേടിയാണ് അഹമ്മദ് പട്ടേൽ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.