Kerala

ബാർബർ ഷോപ്പ് മാലിന്യം കിണറ്റിൽ തള്ളിയ ഷോപ്പുടമ പിടിയിൽ

keralanews barbar shop owner arrested

ചാല:നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ ബാർബർഷോപ്പിലെ മാലിന്യം തള്ളിയ ഷോപ്പുടമ പിടിയിലായി.ചാലക്കുന്നിലെ രാജീവ്ജി യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിന്റെ 25 കോൽ ആഴമുള്ള കിണറ്റിലാണ് മുടി ഉൾപ്പെടെയുള്ള നാലു ചാക്ക് മാലിന്യം തള്ളിയത്.ഇന്നലെ രാവിലെ കിണറ്റിൽ നിന്നും വെള്ളമെടുക്കാനെത്തിയ സ്ത്രീകളാണ് കിണറ്റിൽ മാലിന്യം പൊങ്ങിക്കിടക്കുന്നത് കണ്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയും എടക്കാട് പോലീസും സ്ഥലത്തെത്തി കിണറിൽ നിന്നും ചാക്കുകെട്ടുകൾ പുറത്തെടുത്തു.ചാക്കുകൾ അഴിച്ചുനോക്കി പരിശോധിച്ചപ്പോഴാണ് ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങളാണ് എന്ന് മനസിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാർബർ ഷോപ്പുടമ  മട്ടന്നൂർ സ്വദേശി മജീദ് പിടിയിലായി.ഇയാൾ മാലിന്യം തള്ളാൻ വേറെ രണ്ടുപേരെ ഏൽപ്പിച്ചിരുന്നു. ഇവർ ഓട്ടോയിൽ കൊണ്ടുവന്നാണ് മാലിന്യം കിണറ്റിൽ തള്ളിയതെന്നു അന്വേഷണത്തിൽ മനസിലായി.ഇവർ മൂന്നുപേർക്കുമെതിരെ എടക്കാട് പോലീസ് കേസെടുത്തു.കൊടും വേനലിൽ പോലും വറ്റാത്ത ഈ കിണറ്റിൽ നിന്നും ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് വെള്ളമെടുക്കുന്നത്.മലിനമായ കിണറിൽ നിന്നും വെള്ളമെടുക്കാൻ കഴിയാതെ വീട്ടമ്മമാർ ദുരിതത്തിലായി. ശുചീകരണ പ്രവർത്തനങ്ങൾ ഷോപ്പുടമയെ കൊണ്ട് ചെയ്യിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Previous ArticleNext Article