
ന്യൂഡൽഹി:ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാൻ മാൻഹോളിലിറങ്ങിയ മൂന്നുപേർ വിഷവാതകം ശ്വസിച്ച് മരിച്ചു.ലജ്പത് നഗറിൽ ഇന്നലെയാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കാൻ ഡൽഹി ജൽ ബോർഡ് വാടകയ്ക്കെടുത്ത തൊഴിലാളികളാണ് മരിച്ചതെന്ന് വാർത്ത ബോർഡ് നിഷേധിച്ചു.മരിച്ചവർ ജൽ ബോർഡിലുള്ള തൊഴിലാളികളല്ല.എന്നാൽ അധികൃതരുടെ നിർദേശമില്ലാതെ എങ്ങനെ ഇവർ മാൻഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ജൽ ബോർഡ് അധികൃതർ പറഞ്ഞു.ആദ്യം അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ഒരാൾ മാന്‍ഹോളിലിറങ്ങി.കുറെ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനെ തുടർന്ന് ജോലി കരാറെടുത്തിരുന്നയാൾ രണ്ടാമനെ ഇറക്കി വിട്ടു.അയാളെയും കാണാതായപ്പോൾ മൂന്നാമത്തെയാളെയും ഇറക്കി.മൂന്നാമനെയും കാണാതായതോടെ നാലാമത്തെയാളെ കയറുകെട്ടി താഴെ ഇറക്കി.ശ്വാസം കിട്ടുന്നില്ലെന്ന് ഇയാൾ നിലവിളിച്ചതിനെ തുടർന്ന് ഇയാളെ വലിച്ചു കയറ്റി.പിന്നീട് പോലീസെത്തി മറ്റു മൂന്നുപേരെയും പുറത്തെടു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വിഷവാതകം ശ്വസിച്ച നാലാമനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.