Kerala

തലശ്ശേരി–കുടക് പാതയിൽ ഗതാഗതം പൂർവസ്ഥിതിയിലായി

keralanews thalasseri kudak road transportation restored

ഇരിട്ടി:പെരുമ്പാടി തടാകം പൊട്ടി ഒലിച്ചുപോയ തലശ്ശേരി–കുടക് സംസ്ഥാനാന്തര പാതയുടെ ഭാഗം പൂർണമായും പുനർനിർമിച്ചു. ഇതോടെ വലിയ വാഹനങ്ങളും കടത്തിവിട്ടുതുടങ്ങി. സംസ്ഥാനാന്തര യാത്രക്കാരും കുടക് മലയാളികളും 15 ദിവസമായി അനുഭവിക്കുന്ന കടുത്ത യാത്രാ ദുരിതത്തിന് അറുതിയായി.ഇന്നലെ വൈകിട്ട് നാലോടെയാണ് പുനർനിർമാണം അംഗീകരിച്ച് കുടക് ഡപ്യൂട്ടി കമ്മിഷണർ (കലക്ടർ) വിൻസന്റ് ഡിസൂസ സംസ്ഥാനാന്തര പാതയിൽ വലിയ വാഹനങ്ങളും കടത്തിവിടാൻ അനുമതി നൽകിയത്. വ്യാഴാഴ്ച വൈകിട്ടോടെ നിർമാണം പൂർത്തീകരിച്ച് വീരാജ്പേട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ഇ.സുരേഷ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളും ലോറികളും ഉൾപ്പെടെ എല്ലാവിധ വാഹനങ്ങളും കടത്തിവിടുമെങ്കിലും 30  ടണ്ണിനു മുകളിലുള്ള വാഹനങ്ങൾക്ക് അനുമതി ഇല്ല.ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച് ഞായറാഴ്ച മുതൽ തന്നെ ചെറുകിട വാഹനങ്ങൾ കടത്തിവിട്ടിരുന്നു. മാസങ്ങൾ എടുത്താലും പുനർനിർമാണം യാഥാർഥ്യമാകില്ലെന്ന വിലയിരുത്തലുകൾക്കിടയിലാണ് കർണാടക സർക്കാരും കുടക് ജില്ലാ ഭരണകൂടവും മരാമത്ത് അധികൃതരും മാതൃകയായ പ്രവർത്തനത്തിലൂടെ 15 ദിവസത്തിനുള്ളിൽ നിർമാണം പൂർണ തോതിൽ പൂർത്തീകരിച്ചത്.

Previous ArticleNext Article