തിരുവനന്തപുരം:മഅ്ദനിയുടെ കേരള യാത്ര അനിശ്ചിതത്വത്തിലാക്കി കര്‍ണാടക പൊലീസ് ഭീമമായ തുക സുരക്ഷാ ചിലവായി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളമായി 16 ലക്ഷം രൂപയും മറ്റ് ചിലവുകള്‍ വേറെ തന്നെയും വഹിക്കണമെന്നുമാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ് മഅ്ദനി. സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.ഇന്ന് മഅ്ദനിയുടെ അഭിഭാഷകനും ബന്ധുക്കള്‍ക്കും കര്‍ണാടക പൊലീസ് നല്‍കിയ ചിലവ് കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഒരു എസ്‍പി അടക്കം 19 ഉദ്യോഗസ്ഥരായിരിക്കും മഅ്ദനിയെ അനുഗമിക്കുക. ഇവരുടെ 15 ദിവസത്തെ ശമ്പളം ഇപ്പോള്‍ തന്നെ അടക്കണം. രണ്ടേകാല്‍ ലക്ഷം രൂപ ജിഎസ്‍ടി അടക്കം 1590000 രൂപയാണ് ഇതിന് വേണ്ടിവരിക. ഇത് കൂടാതെ ഈ ഉദ്യോഗസ്ഥരുടെ ഫ്ലൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ ചിലവ്, താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചിലവുകളും മഅ്ദനി തന്നെ വഹിക്കണമെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മകളുടെ വിവാഹത്തിനായി ജാമ്യം അനുവദിച്ച് കേരളത്തിലെത്തിയപ്പോള്‍ അനുഗമിച്ച 4 ഉദ്യോഗസ്ഥര്‍ക്കായി 50,000 രൂപയാണ് അടക്കേണ്ടി വന്നത്. 19 പേര്‍ വരുന്ന ഉദ്യോഗസ്ഥരുടെ മറ്റു ചിലവ് കൂടി ആകുമ്പോള്‍ വലിയ തുക കണ്ടെത്തേണ്ട സാഹചര്യമാണ്.തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജാമ്യം ലഭിച്ചിട്ടും നാട്ടില്‍ പോകാനാകാത്ത അവസ്ഥയിലാണ് മഅ്ദനി.പുതിയ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ ഇടപെടലിനായി ശ്രമം നടത്താനാണ് മഅ്ദനിയുടെയും ബന്ധുക്കളുടെയും തീരുമാനം.