പേരാവൂർ: ഇല്ലായ്മകളുടെ നടുവിൽനിന്ന് ആദിവാസി യുവാവിന് അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ മികച്ച നേട്ടം. നെടുംപൊയിൽ ചെക്കേരി കോളനിയിലെ കണ്ടത്തിൽ രാധയുടെ മകൻ മനു (19) വിനാണു നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ പട്ടികവർഗ വിഭാഗത്തിൽ പത്താംറാങ്ക് ലഭിച്ചത്.മനു കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിഷനും കരസ്ഥമാക്കി. വീട്ടിൽനിന്നും ആറു കിലോമീറ്റർ അകലയുള്ള വേക്കളം എയ്ഡഡ് യുപി സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മനു തുടർന്ന് കോളയാട് സെന്‍റ് കൊർണേലിയൂസ് സ്കൂളിൽനിന്ന് 83 ശതമാനം മാർക്ക് നേടിയാണ് എസ്എസ്എൽസി പാസായത്.തുടർന്നു മണത്തണ ജിഎച്ച്എസ്എസിൽനിന്ന് 70 ശതമാനം മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കി. പ്ലസ്ടുവിനുശേഷം കോട്ടയം എൻട്രൻസ് കോച്ചിംഗ് സെന്‍ററിൽ പട്ടികവർഗ ക്വാട്ടയിൽ മനുവിന് 2016ൽ അഡ്മിഷൻ ലഭിച്ചു.ഓഗസ്റ്റ് ഏഴിനു തുടങ്ങുന്ന എംബിബിഎസ് ക്ലാസിനുള്ള തയാറെടുപ്പിലാണ് മനു. രാധയാണു മനുവിന്‍റെ അമ്മ. മനുവിനു മൂന്നു വയസുള്ളപ്പോൾ അച്ചൻ ഉപേക്ഷിച്ചുപോയതാണ്. മൂത്തസഹോദരൻ ബിനു എസ്എസ്എൽസി പരീക്ഷയിൽ നല്ല മാർക്കോടെ പാസായെങ്കിലും കുടുംബപ്രാരാബ്ദങ്ങൾ കാരണം തുടർപഠനത്തിനു സാധിച്ചിരുന്നില്ല. ചെക്കേരി കുറിച്യ കോളനിയിൽ ഉപാധികളോടെ പതിച്ചുകിട്ടിയ ഭൂമിയിലാണ് ഈ കുടുംബത്തിന്‍റെ താമസം. അമ്മയും സഹോദരനും കൂലിപ്പണിയെടുത്തു കൊണ്ടുവരുന്ന വരുമാനം മാത്രമാണു മനുവിന്‍റെ പഠനച്ചെലവുകൾക്ക് ആശ്രയം.
.