തിരുവനന്തപുരം:ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പില്‍ മത്സരിക്കാൻ പി യു ചിത്രക്ക് അനുമതി കിട്ടാനുള്ള സാധ്യത മങ്ങി. ഐഎഎഎഫ് പുറത്തിറക്കിയ മത്സരയിനങ്ങളിളുടെ എൻട്രി പട്ടികയിൽ പി യു ചിത്രയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ചിത്രയ്ക്കായി ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ അയച്ച കത്ത് ഇനി പരിഗണിക്കപ്പെടുമോയെന്ന കാര്യവും സംശയമാണ്.1500 മീറ്റർ ഓട്ടത്തിൽ ഭുവനേശ്വരിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം അണിഞ്ഞതോടെയാണ് പി യു ചിത്ര ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. എന്നാല്‍ ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ചിത്രയുടെ പ്രകടനം സ്ഥിരതയാർന്നതല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് മത്സരങ്ങളുടെ എൻട്രി പട്ടിക അന്താരാഷ്ട്ര അസോസിയേഷൻ ഓഫ് അത്‍ലറ്റിക് ഫെഡറേഷൻ തയ്യാറാക്കിയത്.പി യു ചിത്രയ്ക്ക് പുറമെ പുരുഷ വിഭാഗം 1500 മീറ്ററിൽ ഭുവനേശ്വരിൽ സ്വർണം നേടി ലണ്ടനിലേക്ക് യോഗ്യത നേടിയ അജയ് കുമാർ സരോജിനും പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. ഇരുവരേയും മെഡൽ സാധ്യതയില്ലെന്ന് പറഞ്ഞ് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ഇന്ത്യൻ സംഘം ഒഴിവാക്കിയ സുധാ സിങിന് സ്റ്റീപ്പിൾ ചെയ്സിൽ ലണ്ടനിൽ എൻട്രി ലഭിച്ചിട്ടുണ്ട്. 100 മീറ്ററിൽ ദ്യുതി ചന്ദിനും പ്രത്യേക പ്രവേശനം ലഭിച്ചു.ചിത്രയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവും കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും വന്നതോടെ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന പ്രത്യേക അഭ്യർത്ഥന ഇന്ത്യൻ ഫെഡറേഷൻ ഐഎഎഎഫിന് ഇന്നലെ വൈകുന്നേരം അയച്ചത്. എന്നാൽ ആ അപേക്ഷ ഇതുവരേയും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നതിന്‍റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. 23ന് പട്ടിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചിരുന്നു എന്നതിനാൽ തന്നെ ഇന്നലെ അയച്ച അപേക്ഷ ഇനി പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. അങ്ങനെയാണെങ്കിൽ ചിത്രയ്ക്ക് ലണ്ടനിൽ മത്സരിക്കാനുള്ള അവസരം നഷ്ടമാകും.
Kerala
എൻട്രി പട്ടിക പുറത്ത്; ചിത്രക്ക് അനുമതി കിട്ടാനുള്ള സാധ്യത മങ്ങി
Previous Articleആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം;മുഖ്യപ്രതികളെല്ലാം പിടിയിൽ