ഇസ്ലാമാബാദ്: പാനമ ഗേറ്റ് അഴിമതിക്കേസിൽ ആരോപണ വിധേയനായ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക്ക് സുപ്രീംകോടതി അയോഗ്യനാക്കി. ഷരീഫിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നും അദ്ദേഹം ഉടൻ സ്ഥാനം രാജിവയ്ക്കണമെന്നും പാക്ക് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി സ്ഥാനം നവാസ് ഷരീഫ് രാജിവച്ചു.ഇത് മൂന്നാം തവണയാണ് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നവാസ് ഷരീഫിന് സ്ഥാനമൊഴിയേണ്ടി വരുന്നത്. 2018ൽ പാക്കിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് മുൻപുള്ള ഷരീഫിന്റെ രാജി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കേസ് മുൻപ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ ഷരീഫ് രാജിവയ്ക്കണമെന്ന് രണ്ടു ജഡ്ജിമാർ വിധിച്ചിരുന്നു. എന്നാൽ ശേഷിച്ച മൂന്ന് ജഡ്ജിമാർ പാനമ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഉത്തരവിട്ടു. ഇതോടെയാണ് അഴിമതിയാരോപണത്തെക്കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം അഞ്ച് ജഡ്ജിമാർ അടങ്ങിയ ഭരണഘടനാ ബെഞ്ച് ഇന്ന് ഏകകണ്ഠമായി വിധി പ്രസ്താവിക്കുകയായിരുന്നു.കള്ളപ്പണം വെളുപ്പിച്ച് ലണ്ടനിൽ നാലു ഫ്ളാറ്റുകൾ ഉൾപ്പെടെയുള്ള അനധികൃത സ്വത്തുസന്പാദിച്ചെന്നാണ് ഷരീഫിനും കുടുംബത്തിനും എതിരായ ആരോപണം. ഷരീഫ് സമർപ്പിച്ച ധനകാര്യ സ്റ്റേറ്റ് മെന്റിൽ ഈ സ്വത്തുക്കൾ സംബന്ധിച്ചു വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചോർന്നു കിട്ടിയ പാനമ രേഖകളിലൂടെയാണ് അനധികൃതസ്വത്തിന്റെ വിശദാംശങ്ങൾ പുറത്തായത്.
International
നവാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു
Previous Articleസിപിഎം- ബിജെപി സംഘര്ഷം; തിരുവനന്തപുരത്ത് നിരോധനാജ്ഞ