കൊച്ചി:കരുമാലൂരില്‍ ഭൂമി കയ്യേറി എന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് റവന്യൂ വകുപ്പിന്‍റെ നോട്ടീസ്. കരുമാലൂരിലെ ഭൂമിയും ചാലക്കുടിയിലെ ഡി സിനിമാസിന്‍റെ ഭൂമിയും റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തി. ചാലക്കുടിയിലെ സര്‍വേ നടപടികളുടെ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് തൃശൂര്‍ ജില്ലാ സര്‍വേയര്‍ അറിയിച്ചു.എറണാകുളം കരുമാലൂരിലെ പുറപ്പള്ളിക്കാവില്‍ പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പരാതിയിലാണ് ദിലീപിന് റവന്യൂ വകുപ്പ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. രാവിലെ ഭൂമി അളന്ന ശേഷം ഉദ്യോഗസ്ഥര്‍ തഹസില്‍ദാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസയക്കാന്‍ തീരുമാനമെടുത്തത്. കയ്യേറ്റമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഏഴ് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയ ശേഷമാണ് ചാലക്കുടിയിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഡി സിനിമാസിന് സമീപത്തുള്ള ആറ് പേരുടെ ഭൂമിയും അളന്ന ശേഷമാണ് ദിലീപിന്‍റെ ഭൂമിയിലേക്ക് കടന്നത്. രണ്ട് സര്‍വേ നമ്പറുകളിലായി കിടക്കുന്ന സ്ഥലത്തില്‍ 35 സെന്‍റ് കയ്യേറ്റ ഭൂമിയാണെന്നും വ്യാജ ആധാരം ചമച്ചെന്നുമായിരുന്നു പരാതി. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ സര്‍വേയര്‍ പറഞ്ഞു. എന്നാല്‍ സര്‍വേ നടപടികളില്‍ പരാതിക്കാര്‍ അതൃപ്തി അറിയിച്ചു.