കണ്ണൂർ:കാൽടെക്സ് ജംക്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനായി തൂണുകൾ മാറ്റിസ്ഥാപിക്കാന്‍ തുടങ്ങി. സർക്കിളിൽ നിന്നു പിറകോട്ടുണ്ടായിരുന്ന നാലു തൂണുകളും പത്തു മീറ്ററോളം ദൂരത്തിൽ മുന്നോട്ടു സ്ഥാപിക്കുന്ന പണിയാണ് ഇന്നലെ രാത്രി മുതൽ ആരംഭിച്ചത്.പരസ്യക്കാരായ ഹൈക്കൗണ്ട് കമ്പനിയാണ് പണി നടത്തുന്നത്. സിഗ്നൽ വിളക്കുതൂണുകൾ പിറകോട്ടായതുകാരണം മുന്നിലോട്ടു നിർത്തുന്ന വാഹന ഡ്രൈവർമാർക്ക് വിളക്കുകൾ തെളിയുന്നതു കാണാനാവാത്തതും സീബ്രാ ലൈനും നടപ്പാതയും നിർത്തിയിടുന്ന വാഹനങ്ങൾക്ക് തൊട്ടുമുന്നിലായതു കാരണം വിളക്കു തെളിഞ്ഞ ഉടൻ വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോഴുള്ള അപകടസാധ്യതകളും ഉൾപ്പെടെയുള്ള അശാസ്ത്രീയതകൾ പരിഹരിക്കുന്നതിനായാണു പുനഃക്രമീകരണം.പിഴുതെടുത്ത തൂണുകൾ പുതുതായി നിർമിച്ച കോൺക്രീറ്റ് ഭീമുകൾക്ക് മുകളിലേക്ക് ക്രെയിൻ ഉപയോഗിച്ചാണ് മാറ്റിസ്ഥാപിക്കുന്നത്. സീബ്രാ ലൈനും വാഹനങ്ങൾ നിർത്തിയിടാനുള്ള അടയാളങ്ങളും അടുത്ത ദിവസം തന്നെ രേഖപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.