Kerala

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്: പത്രിക നല്‍കിയത് 173 പേര്‍

keralanews 173 candidates filed nominations
മട്ടന്നൂർ:നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. നഗരസഭയില്‍ ആകെയുള്ള 35 വാർഡുകളിലേക്കു മത്സരിക്കാൻ 173 പേരാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ മുമ്പാകെ പത്രിക സമർപ്പിച്ചത്.സൂഷ്മപരിശോധന ഇന്നു രാവിലെ കണ്ണൂരിൽ നടക്കും. 24 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.ഓഗസ്റ്റ് എട്ടിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കു പുറമെ റിബൽ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ബിജെപി 32 സീറ്റിലേക്കും എസ്ഡിപിഐ ഒൻപതു സീറ്റിലേക്കും മത്സരിക്കുന്നു.ഇത്തവണ സീറ്റ് നൽകാത്തതിനാൽ കഴിഞ്ഞ ഭരണസമിതിയിലെ കൗൺസിലറും മുസ്ലിം ലീഗ് മട്ടന്നൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറിയുമായ വി.എൻ.മുഹമ്മദ് മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ നാലാങ്കേരിയിൽ റിബലായി പത്രിക നൽകി.സീറ്റ് ആവശ്യപ്പെട്ടിട്ടും നൽകാതെ നാലാങ്കേരിയിൽ കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർഥിയുടെ ഭർത്താവിനു നൽകിയതാണ് വി.എൻ.മുഹമ്മദ് റിബലായി മത്സരിക്കാൻ കാരണം.ഇതിനു പുറമെ കോൺഗ്രസ് മത്സരിക്കുന്ന മണ്ണൂർ വാർഡിൽ കോൺഗ്രസ് പ്രവർത്തകയും കുടുംബശ്രീ അംഗവുമായ സിന്ധു ശ്രീധരനും എൽഡിഎഫിലെ ഘടകകക്ഷിയായ ജനതാദൾ മത്സരിക്കുന്ന മരുതായി വാർഡിൽ സിപിഎം അനുഭാവിയായ കെ.ഉഷയും റിബലായി മത്സരിക്കാൻ അവസാന ഘട്ടം പത്രിക നൽകി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ച വാർഡ് ഇത്തവണ ജനതാദളിനു നൽകിയതാണ് പ്രവർത്തകരുടെ പ്രതിഷേധത്തിനും പത്രിക നൽകാനും ഇടയാക്കിയത്.
Previous ArticleNext Article