India

കണ്ടുനിന്നവര്‍ ഫോട്ടോയും വീഡിയോയുമെടുത്തു; കാറിടിച്ച യുവാവ് രക്തം വാര്‍ന്ന് മരിച്ചു

keralanews young man died in car accident

ബെംഗളൂരു:ബംഗളൂരുവില്‍ കാറിടിച്ച് റോഡില്‍ വീണ യുവഎഞ്ചിനീയര്‍ രക്തംവാര്‍ന്ന് മരിച്ചു. അപകടം കണ്ടുനിന്ന ഒരാള്‍ പോലും റോഡില്‍ വീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ തയ്യാറായില്ല. അവരില്‍ പലരും രക്തംവാര്‍ന്ന് കിടന്നയാളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്ന തിരക്കിലായിരുന്നു.ബംഗളൂരുവിലെ ഇന്ദ്രായണി കോര്‍ണറിലാണ് സംഭവം നടന്നത്. 25കാരനായ സതീഷ് പ്രഭാകര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാര്‍ ഇടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. ഏകദേശം അര മണിക്കൂര്‍ രക്തം വാര്‍ന്ന് യുവാവ് റോഡില്‍ കിടന്നു. ആ വഴി വന്ന കീര്‍ത്തിരാജ് എന്ന ദന്തഡോക്ടറാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ആള്‍ക്കൂട്ടം കണ്ടാണ് താന്‍ നോക്കിയതെന്നും അപ്പോള്‍ യുവാവ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ആളുകള്‍ ആ ജീവന്‍ രക്ഷിക്കാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നതുകണ്ട് ഞെട്ടിപ്പോയെന്ന് ഡോക്ടര്‍ പറഞ്ഞു. ഉടന്‍തന്നെ ഒരു ഓട്ടോ പിടിച്ച് താന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റെടുത്തു ആശുപത്രിയിലെത്താന്‍. ഓട്ടോറിക്ഷയില്‍ വെച്ച് ജീവനുണ്ടായിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

Previous ArticleNext Article