Kerala

നേഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്

keralanews nurses strike discussion with chief minister today

തിരുവനന്തപുരം:സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച.രാവിലെ 11 മണിക്ക് മിനിമം വേജസ് കമ്മിറ്റിയുടെ യോഗവും നടക്കുന്നുണ്ട്. അതേസമയം, സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.സുപ്രിംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമായ 20000 നല്‍കുക എന്നതാണ് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന്റെ പ്രധാന ആവശ്യം.കഴിഞ്ഞ ആഴ്ച മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആശുപത്രിമാനേജ്‌മെന്റും നഴ്‌സുമാരും ചര്‍ച്ച നടത്തിയരുന്നെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. മിനിമം വേതനം 17200 രൂപയാക്കാമെന്ന ശുപാര്‍ശ നഴ്‌സുമാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ശക്തമായ സമരവുമായി നഴ്‌സുമാര്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് മുഖ്യമന്ത്രി ചര്‍ച്ച വിളിച്ചിരിക്കുന്നത്.വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനുള്ള നടപടി ഉയര്‍ന്ന് വരുമെന്നാണ് നഴ്‌സുമാരും, ആശുപത്രി മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. നേരത്തെ ഉന്നയിച്ച മിനിമം വേതനം നല്‍കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. സമരം അവസാനിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഇടതുമുന്നണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമരം ഇന്നവസാനിക്കാനാണ് സാധ്യത.

Previous ArticleNext Article