കണ്ണൂർ:സംസ്ഥാനത്തു തുടരുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നേരിടാൻ നഴ്സുമാർക്ക് പകരം നഴ്സിംഗ് വിദ്യാർത്ഥികളെ ഇറക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സമരത്തിൽ നിന്നും യു.എൻ.എ പിന്മാറിയെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കണ്ണൂർ,കാസർകോഡ്,തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു.തുടർന്ന് ഇന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും ഇവർ നിലപാടിൽ ഉറച്ചു നിന്നതോടെ കർശന നിലപാടെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ നഴ്സിംഗ് സ്കൂളുകളിൽ നിന്നായി 150 വിദ്യാർത്ഥികളെ 10 സ്വകാര്യ ആശുപത്രികളിലെത്തിക്കാനാണ് തീരുമാനം.കൂടാതെ ഇങ്ങനെ വിദ്യാർത്ഥികളെ എത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി നൽകാനും കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.അതേസമയം സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും ജനകീയ സമിതി രൂപീകരിച്ച് മുന്നോട്ട് പോകുമെന്നുമാണ് നഴ്‌സുമാരുടെ നിലപാട്.