Kerala

സൌദിയില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം കൊണ്ടുവരാന്‍ നടപടി തുടങ്ങി

keralanews the process of bringing the bodies of malayalees died in saudi (2)

ജിദ്ദ:ഇന്നലെ സൌദി അറേബ്യയിലെ നജ്റാനില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.ദക്ഷിണ സൌദിയിലെ നജ്റാനില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. വര്‍ക്കല സ്വദേശി ബൈജു രാഘവന്‍, മലപ്പുറം വള്ളിക്കുന്ന് സ്വദേശി ശ്രീജിത്ത് ശ്രീനിവാസന്‍, കടക്കാവൂര്‍ സ്വദേശി സത്യന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഉള്‍പ്പെടെ 10 ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു.മൂന്ന് മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചാണ് സംസ്കരിക്കുക എന്നാണ് അറിയുന്നത്. പോസ്റ്റമോര്‍ട്ടം, ഡിഎന്‍എ പരിശോധന എന്നിവ കൂടാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കോണ്‍സുലേറ്റ് മറ്റ് നടപടികള്‍ ആരംഭിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട്, പോലീസ് റിപ്പോര്‍ട്ട് എന്നിവ കൂടി ലഭിച്ചാല്‍ നടപടികള്‍ എളുപ്പത്തിലാകും. അതേസമയം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആറ് പേരില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Previous ArticleNext Article