തിരുവനന്തപുരം:കോഴിവില കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സിപിഎം അനുകൂല സംഘടനയായ പൗൾട്രി ഫാമേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി. ധനമന്ത്രി തോമസ് ഐസകിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കൂടിയ വിലയ്ക്ക് വിൽക്കുന്നതിനെതിരെ നടപടിയെടുത്താൽ കടകളടച്ച് സമരം നടത്തുമെന്ന മുന്നറിയിപ്പുമായി സംഘടന രംഗത്തെത്തി.ജിഎസ്ടിയിൽ പതിനാലര ശതമാനം നികുതി കുറഞ്ഞിട്ടും സംസ്ഥാനത്തെ കോഴിവില കൂടുകയാണ്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ 87 രൂപയ്ക്ക് കോഴി വിൽക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് കർശന നിർദേശം നൽകിയത്. എന്നാൽ കോഴി ലഭ്യത കുറഞ്ഞതിനാലാണ് വില കൂടിയതെന്നും വില കുറച്ച് വിൽക്കില്ലെന്നുമാണ് വ്യാപാരി സംഘടനയായ പൗൾട്രി ഫാമേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതിയുടെ നിലപാട്.ഞായറാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിൽ സർക്കാർ തീരുമാനത്തിനെതിരെ സമരമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. തമിഴ്നാട്ടിൽ നിന്ന് കോഴി എത്തിക്കുന്നത് നിർത്തിവച്ച് കടകളടച്ച് സമരം ചെയ്യാനാണ് ആലോചന.