ന്യൂഡൽഹി:രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,304 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതോടെ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 6075 പേരാണ് മരിച്ചത്.ഇതുവരെ ആറായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയില്‍ 2500 ലേറെ പേരും ഗുജറാത്തില്‍ 1100 ലധികം പേരും മരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 23,000 കടന്നു.ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ഹോം ക്വാറന്റൈന് സർക്കാർ നിർബന്ധമാക്കി. സ്റ്റേഡിയങ്ങൾ അടക്കമുള്ള ഇടങ്ങൾ ചികിത്സ കേന്ദ്രങ്ങൾ ആക്കാനാരംഭിച്ചു. തമിഴ്നാട്ടില്‍ 25,000 ത്തിലധികം പേര്‍ക്കും മഹാരാഷ്ട്രയില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കും രോഗമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന് 48.31 ശതമാനത്തിലും മരണനിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരുലക്ഷത്തിലധികം പേര് രോഗമുക്തരായി.688 ലാബുകളിലായി പ്രതിദിനം 1.37 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള സെറോ സർവെ പരിശോധന ഈ ആഴ്ച പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര് പ്രതീക്ഷിക്കുന്നത്.