India, News

തമിഴ്‌നാട് തൂത്തുക്കുടിയിൽ സമരക്കാർക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ഒൻപതുപേർ മരിച്ചു

keralanews 9 dead in police firing during anti sterlite protest in thoothukudi

തൂത്തുക്കുടി:തമിഴ്‌നാട് തൂത്തുക്കുടിയിൽ സ്റ്റെർലെറ്റ് വിരുദ്ധ സമരക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 9 സമരക്കാർ മരിച്ചു.നിരവധി പേർക്ക് വെടിവയ്പ്പിലും സംഘർഷത്തിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ ഓഫീസിലേക്ക് സമരക്കാര്‍ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് വെടിവച്ചത്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതാണ് വെടിവയ്ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു.സമരക്കാർ നിരവധി സ്വകാര്യ വാഹനങ്ങൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.കല്ലേറ് രൂക്ഷമായതോടെ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കളക്‌ട്രേറ്റ് വളപ്പിൽ കടന്നതോടെ പോലീസ് വെടിവയ്ക്കുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു.സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ സമീപ ജില്ലകളിൽ നിന്നും കൂടുതൽ പോലീസ് സംഘത്തെ തൂത്തുക്കുടിയിലേക്ക് വിളിപ്പിച്ചു.സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ  കീഴിലുള്ള സ്ഥാപനത്തിനെതിരെയാണ് പ്രദേശവാസികളുടെ സമരം.ബിഹാര്‍ സ്വദേശിയായ വ്യവസായി അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതിയുള്ള കമ്പനിയാണ് വേദാന്ത റിസോഴ്‌സസ്. ഈ കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്റസ്ട്രീസ് എന്ന സ്ഥാപനമാണ് തൂത്തുകുടിയിലുള്ളത്. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഈ സ്ഥാപനത്തിന് കീഴില്‍ നിരവധി പ്ലാന്റുകള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വസിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗം ബാധിക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സമരം തുടങ്ങിയത്.മലിനീകരണ തോത് കണ്ടെത്തുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിക്കുന്നതിനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിരവധി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article