പത്തനംതിട്ട:പോലീസ് നിയന്ത്രണം ലംഘിച്ച് ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ ഉൾപ്പെടെ 72 പേർക്ക് ജാമ്യം അനുവദിച്ചു.പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിച്ച 72 പേരും ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന് കോടതിയുടെ നിര്‍ദ്ദേശമുണ്ട്. കൂടാതെ 20000 രൂപയുടെ രണ്ട് പേരുടെ ആള്‍ ജാമ്യവും നല്‍കണം.അതേസമയം, സുരേന്ദ്രന്റെ ജാമ്യഹർജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സുരേന്ദ്രനും സംഘവും ശബരിമലയില്‍ എത്തിയത് ഗൂഡലക്ഷ്യത്തോടെയാണെന്നും അതിനാല്‍ ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇതിനിടെ കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി.വൈ.എസ്.പിയെയും സി.ഐയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് സുരേന്ദ്രനെതിരെ വാറണ്ട്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. ഈ കേസില്‍ക്കൂടി ജാമ്യം നേടിയതിന് ശേഷമേ കെ.സുരേന്ദ്രന് ജയില്‍ മോചിതനാവാന്‍ കഴിയൂ.