Kerala, News

വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്നവർക്ക് 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍; വ്യവസ്ഥകള്‍ കര്‍ശനമാക്കും; ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്

keralanews 7 days compulsory home quarantine for those arriving in the state from foreign countries conditions to be tightened

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വർധിച്ച സാഹചര്യത്തിലാണിത്. ആകെ 280 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗബാധ. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വരുന്നവരില്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ അവര്‍ക്കും ഹോം ക്വാറന്റീന്‍ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്.ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ ഏഴ് ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. നെഗറ്റീവായാല്‍ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് പ്രോടോകോള്‍ അനുസരിച്ച്‌ ചികിത്സ നല്‍കുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡിസ്ചാര്‍ജ് ചെയ്യുന്നതുമാണ്.ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍ രണ്ട് ശതമാനം പേരുടെ സാംപിളുകള്‍ റാന്‍ഡം പരിശോധന നടത്താനാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാംപിളുകള്‍ റാന്‍ഡം പരിശോധന നടത്തും. നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം. എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാല്‍ ഇവരും വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. പോസിറ്റീവാകുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഇവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രോടോകോള്‍ അനുസരിച്ച്‌ ചികിത്സ നല്‍കും.ക്വാറന്റീന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി

 

Previous ArticleNext Article