കോഴിക്കോട്:അറുപത്തിയാറാമത് ദേശീയ സീനിയർ വോളി ബോൾ മത്സരങ്ങൾക്ക് കോഴിക്കോട് ട്രേഡ് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. മേളയുടെ ഔപചാരിക ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്കാണ് ആദ്യമത്സരങ്ങള്‍.പുരുഷ വിഭാഗത്തിൽ 28 ഉം വനിതാ വിഭാഗത്തിൽ 26 ടീമുകളുമാണ് എട്ടു ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക.17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളം സ്വന്തം മണ്ണില്‍ സീനിയർ ദേശീയ കിരീടത്തിനായി കച്ചമുറുക്കുന്നത്.കഴിഞ്ഞ തവണ ചെന്നൈയില്‍ കിരീടം നേടിയ പുരുഷ ടീമില്‍ വലിയ മാറ്റം വരുത്താതെയാണ് ഇത്തവണയും കേരളം കളത്തിലിറങ്ങുന്നത്.കഴിഞ്ഞ വര്‍ഷം ടീമിനെ വിജയത്തിലേക്ക് നയിച്ച അബ്ദുള്‍ നാസര്‍ തന്നെയാണ് ഇത്തവണയും മുഖ്യപരിശീലകന്‍ . ഇന്നു മുതല്‍ 25 വരെ രാവിലെ ഏഴര മുതല്‍ രാത്രി പത്ത് വരെ രണ്ട് വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. 26, 27 തീയതികളിൽ കാലിക്കട്ട് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ അരങ്ങേറും. പുരുഷ, വനിതാ ഫൈനല്‍ മത്സരങ്ങള്‍ക്ക് 28 ന് ട്രേഡ് സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും.