Kerala, News

മലപ്പുറം തിരൂരില്‍ കൊറോണ രോഗം ഭേദമായ 62 കാരന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; ഒരു കണ്ണ് നീക്കം ചെയ്തു

keralanews 62 year old man diagnosed with black fungus in malappuram tirur one eye removed

മലപ്പുറം:കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു.ഏഴൂര്‍ ഗവ.ഹൈസ്കൂളിന് സമീപം വലിയപറമ്പിൽ അബ്ദുല്‍ ഖാദര്‍ എന്ന 62 കാരനാണ് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചത്.കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴാമത്തെ വ്യക്തിയാണിദ്ദേഹം.മലപ്പുറം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്‍റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ പറഞ്ഞു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുല്‍ ഖാദര്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. പ്രമേഹ രോഗി കൂടിയായ അബ്ദുല്‍ ഖാദറിന് ഏപ്രില്‍ 22നാണ് കോവിഡ് പോസിറ്റീവ് ആകുന്നത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഈ മാസം 5 ന് കണ്ണിന്‍റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് കോട്ടക്കല്‍ അല്‍മാസില്‍ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ മാസം ഏഴിനാണ് ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.ചര്‍മത്തിലാണ് ബ്ലാക്ക് ഫംഗസ് സാധാരണ കാണാറുള്ളത്. അതിവേഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാന്‍ ഇടയുണ്ട്. കൊവിഡ് ചികില്‍സയ്ക്ക് ശേഷം അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകള്‍ നിസാരമായി കാണരുത്. വേഗത്തില്‍ ചികില്‍സ തേടിയാന്‍ സുഖം പ്രാപിക്കാം. ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയല്ല. പ്രമേഹം, ക്യാന്‍സര്‍ രോഗികളിലാണ് കൂടുതല്‍ സാധ്യതയുള്ളത്. സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഈ രോഗത്തിന് കാരണമാകും.കൊവിഡ് ചികില്‍സാ വേളയില്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചതാണ് പ്രശ്‌നമെന്നും വിലയിരുത്തുന്നു. മൂക്കില്‍ നിന്ന് രക്തം വരിക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, വീക്കം എന്നിവയുണ്ടാകുക. അണ്ണാക്കില്‍ നിറവ്യത്യാസം കാണുക, കാഴ്ച മങ്ങുക, പല്ല് വേദന, ശ്വാസ തടസം, തലവേദന എന്നിവയെല്ലാം ലക്ഷണമാണ്.

Previous ArticleNext Article