തിരുവനന്തപുരം:ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനാനുമതി തേടി കൂടുതല്‍ യുവതികള്‍. സംസ്ഥാനത്തിനു പുറത്ത് നിന്നും അകത്തും നിന്നുമായി 10 ലും 50 ഇടയിലും പ്രായമുള്ള 550 യുവതികളാണ് ദര്‍ശനത്തിനുള്ള അനുമതി തേടി വെർച്വൽ ക്യൂ സംവിധാനം വഴി ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.പോലീസ് പോര്‍ട്ടല്‍ വഴി മണ്ഡലകാലത്ത് ദര്‍ശന അനുമതി തേടിയിരിക്കുന്നത് മൂന്ന് ലക്ഷം ആളുകളാണ്.ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് കേരള പോലീസ് തയ്യാറാക്കിയിരിക്കുന്നതാണ് പോര്‍ട്ടല്‍.മണ്ഡലകാലത്തെ സുരക്ഷ പോലീസിന് വലിയ വെല്ലുവിളിയാണ്. ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോൾ പോലീസൊരുക്കിയ കനത്ത സുരക്ഷാ വലയത്തിനിടയിലും സന്നിധാനത്ത് പ്രതിഷേധങ്ങൾ അരങ്ങേറി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലായിരുന്നു ഇത്തവണ തീർത്ഥാടകർ മല ചവിട്ടിയത്. മണ്ഡലകാലത്ത് ഇത്രയധികം സ്ത്രീകൾ ഒന്നിച്ചെത്തിയാൽ വലിയ സജ്ജീകരണങ്ങൾ തന്നെ ഒരുക്കേണ്ടി വരും. കൂടുതൽ വനിതാ പോലീസിനെയും സന്നിധാനത്ത് വിന്യസിക്കേണ്ടി വരും.