ധാക്ക:ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 പേർ വെന്തുമരിച്ചു.നാരായൺഗഞ്ച് ജില്ലയിലെ രൂപ്ഗഞ്ച് മേഖലയിലെ ഷെഹ്സാൻ ജ്യൂസ് നിർമ്മാണ ശാലയിലാണ് തീപിടുത്തം നടന്നത്. ആറു നിലകളുള്ള നിർമ്മാണ ശാല പൂർണ്ണമായും അഗ്നിക്കിരയായി. ദുരന്തത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് കൂടുതലും പരിക്കേറ്റിരിക്കുന്നത്.44 പേരെ കാണാനില്ലെന്ന പരാതിയിൽ എല്ലാവരും അഗ്നിബാധയിൽ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടില്ലെന്നാണ് അഗ്നിശമന സേനാ വിഭാഗം അറിയിക്കുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ ഉന്നത തല സമിതിയെ ധാക്ക ജില്ലാ ഭരണകൂടം നിയോഗിച്ചു.