Kerala, News

മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷയ്ക്കായി 5000 പൊലീസുകാരെ നിയമിക്കും

keralanews 5000 policemen will appointed for sabarimala duty during makaravilakk season

പത്തനംതിട്ട:തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് മണ്ഡലഉത്സവകാലത്ത് സുരക്ഷാ ശക്തമാക്കാനൊരുങ്ങി പോലീസ്.ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പൊലീസിനെ നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെ.എസ്.ആര്‍.ടി.സി. സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇതിലൂടെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇതിനായുള്ള പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാവും. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി റാപിഡ് ആക്ഷന്‍ ഫോഴ്സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും.ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. സന്നിധാനം, ഗണപതികോവിലില്‍ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാതീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കും.എ.ഡി.ജി.പി ഇന്റലിജന്‍സ് ടി.കെ.വിനോദ്കുമാര്‍, ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്ത്, ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി. എസ് ആനന്തകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, പി.വിജയന്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്‌പി., സ്പെഷ്യല്‍ സെല്‍ എസ്‌പി, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Previous ArticleNext Article