Kerala, News

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് തുടങ്ങി

keralanews 48 hours strike of ksrtc workers in the state started

തിരുവനന്തപുരം:ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘദൂര സർവീസുകൾ അടക്കം മുടങ്ങും. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്.ശമ്പള പരിഷ്‌കരണത്തിന് കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം ചോദിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്. സമരത്തിൽ നിന്ന് പിന്മാറണമെന്ന സർക്കാരിന്റെ ആവശ്യം മൂന്ന് യൂണിയനുകളും തള്ളുകയായിരുന്നു. കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒൻപത് വർഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല.ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് സംഘടനകൾ ആരോപിച്ചു. എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം തേടിയപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.  അതേസമയം കെഎസ്ആർടിസി പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളും ജോലിക്ക് വരാത്തവരുടെ ശമ്പളം പിടിക്കും.

Previous ArticleNext Article