
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി.തിങ്കളാഴ്ച രാവിലെ മുർഷിദാബാദിലായരുന്നു അപകടം. ബസ് ബലിഗഡ് പാലം കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ബസിൽ 56 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിവരെ 36 മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്.ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ ആറു മൃതദേഹം കൂടി കനാലിൽനിന്നും കണ്ടെടുത്തതോടെ മരണസംഖ്യ 42 ആയി.നാദിയ ജില്ലയിലെ കരിപുരിൽനിന്നും മൂർഷിദാബാദ് വഴി മാൽഡയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് രക്ഷപെട്ട യാത്രക്കാരിലൊരാൾ പറയുന്നു.അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.