വടകര:വടകരയിൽ നിന്നും ഫോർമാലിൻ ചേർത്ത നാലായിരം കിലോ മൽസ്യം പിടിക്കൂടി. വടകരയ്ക്ക് സമീപം ബ്രേക്ക് ഡൗണായ ലോറിയിൽ നിന്നുമാണ് മൽസ്യം കണ്ടെത്തിയത്.2500 കിലോയാളം ഐസും കണ്ടെടുത്തു.മോട്ടോർ വാഹന വകുപ്പ് അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് മീനിലും ഐസിലും ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്നും പതിനെട്ടാം തീയതി പുറപ്പെട്ടതാണ് ലോറി.’അയിലച്ചമ്പാൻ’ എന്ന മീനാണ് ലോറിയിൽ ഉണ്ടായിരുന്നത്. പത്തൊൻപതാം തീയതി കോഴിക്കോട് വെള്ളയിൽ മാർക്കറ്റിൽ എത്തിയെങ്കിലും അവിടെ മൽസ്യവുമായി വേറെയും 45 ലോറികൾ ഉള്ളതിനാൽ ഈ ലോറി കൂത്തുപറമ്പിലേക്ക് പോയി. മൽസ്യം മോശമായതിനാൽ അവിടെയും കച്ചവടം നടന്നില്ല.തുടർന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്നവഴി രാത്രി ഒരുമണിയോടെ വടകര ലോറിക്കടവിനു സമീപം ലോറി ബ്രേക്ക് ഡൗണായി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്ത മൽസ്യം സമീപത്തെ പറമ്പിൽ കുഴിച്ചുമൂടി.