നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കിലോ സ്വർണ്ണം കഴിഞ്ഞ ദിവസം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.സംഭവത്തിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂ അടക്കം ഏഴുപേർ പിടിയിലായി.എയർ ഇന്ത്യയുടെ സീനിയർ ക്യാബിൻ ക്രൂവായ മുംബൈ സ്വദേശി അമോദ് സാമന്തിൽ നിന്നും 1.400 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 70 ലക്ഷം രൂപ വിലവരും. ഞായറാഴ്ച രാവിലെ ലണ്ടനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ക്യാബിൻ ക്രൂവിന്റെ ഭാഗമായി അമോദും ഉണ്ടായിരുന്നത്. അന്ന് വിമാനം ഇറങ്ങിയതിന് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിലാണ് ഇയാൾ താമസിച്ചത്. രാത്രി മുംബൈയ്‌ക്ക് പോകാനായി വീണ്ടും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. തുടർന്ന് ഇയാളുടെ ബാഗ് പരിശോധിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് സ്വർണ്ണം കണ്ടെത്തിയത്. ഉടനെ തന്നെ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റംസിന് കൈമാറി. കൊച്ചിയിൽ വച്ച് ഒരാൾ തനിക്ക് ഈ സ്വർണ്ണം തന്നുവെന്നാണ് അമോദ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ സ്വർണം കൈമാറിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ലെന്നും ഇയാൾ പറയുന്നു. അമോദ് താമസിച്ച ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളും അധികൃതർ പരിശോധിച്ചു.സ്വർണ്ണം അമോദ് ലണ്ടനിൽ നിന്ന് കൊണ്ടുവന്നതാകാമെന്നും വിമാനത്താവളത്തിലെ ആരുടെയെങ്കിലും സഹായത്തോടെ ഇത് പുറത്തെത്തിച്ചതാകാമെന്നുമാണ് കസ്റ്റംസ് സംശയിക്കുന്നത്.ഇയാൾ നേരത്തേയും സമാനമായ രീതിയിൽ സ്വർണ്ണം കടത്തിയിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.അമോദിനെതിരെ നടപടി ഉണ്ടാകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെത്തിൽ കൊളംബോയിൽ നിന്നെത്തിയ ആറ് പേരിൽ നിന്നായി 1.600 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം 80 ലക്ഷം രൂപ വിലവരും. അറസ്റ്റിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.
Kerala, News
നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്ന് കിലോ സ്വർണം പിടികൂടി;എയർ ഇന്ത്യ ക്യാബിൻ ക്രൂ അടക്കം 7 പേർ അറസ്റ്റിൽ
Previous Articleസംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇന്ന് മുതൽ സ്മാർട്ട് കാർഡ് രൂപത്തിൽ