India, News

മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു

keralanews 39 people were killed when a bus fell into canal in madhyapradesh

ഭോപ്പാൽ:മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. സിദ്ധി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെ 8.30 തോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സിദ്ധിയില്‍ നിന്നും സത്‌നയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. 60 പേര്‍ സഞ്ചരിച്ച ബസ് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ മുഴുവനും പ്രദേശത്തുള്ളവരാണെന്നാണ് വിവരം.യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടന്‍ തന്നെ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സമീപത്തെ ബന്‍സാഗര്‍ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്‌ ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാദൗത്യം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ചുയ്യ താഴ്വര വഴി പോകേണ്ടിയിരുന്ന ബസ് അവസാന നിമിഷം റൂട്ട് മാറ്റി ഇതുവഴി പോയതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഡ്രൈവറുടെ വാക്കുകള്‍ അനുസരിച്ച്‌ ട്രാഫിക് ജാം ഒഴിവാക്കുന്നതിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് സൂചന.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Previous ArticleNext Article