India, News

തെലങ്കാനയിൽ കനത്ത മഴ തുടരുന്നു;മരണ സംഖ്യ 35 ആയി ഉയര്‍ന്നു

keralanews 35 died in heavy rain in thelangana

തെലങ്കാന:ജനജീവിതം ദുസ്സഹമാക്കി തെലങ്കാനയിൽ കനത്ത മഴ തുടരുന്നു.മഴയില്‍ മരണപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തടാകങ്ങളും ജലസംഭരണികളും നദികളും അടക്കം നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് തെലങ്കാനയിലും ആന്ധ്ര പ്രദേശിലും കനത്ത മഴയ്ക്കുളള കാരണം. കഴിഞ്ഞ 48 മണിക്കൂറായി മഴ പെയ്ത് കൊണ്ടിരിക്കുകയാണ്. ആളുകളും വാഹനങ്ങളും അടക്കം വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തിനടിയിലായി. റോഡ്, റെയില്‍ ഗതാഗതം അടക്കം സ്തംഭിച്ചിരിക്കുകയാണ്.ബണ്ടല്‍ഗുഡയിലെ പാലസ് വ്യൂ കോളനിയില്‍ വെള്ളപ്പൊക്കം കണ്ട് കൊണ്ട് നിന്ന ഒരു കുടുംബത്തിലെ 8 പേര്‍ ഒലിച്ച്‌ പോയി. രണ്ട് പേരുടെ മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി. ആറ് പേരെ ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കനത്ത മഴയില്‍ ദുരിതത്തിലായ ആന്ധ്ര പ്രദേശിലേയും തെലങ്കാനയിലേയും ആളുകള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.തെലങ്കാനയ്ക്ക് മുകളിലുളള തീവ്രന്യൂനമര്‍ദ്ദം ഇന്ന് കൂടുതല്‍ ദുര്‍ബലമാകും. വൈകീട്ടോടെ മുംബൈ തീരം വഴി ന്യൂനമര്‍ദ്ദം അറബിക്കടലില്‍ പ്രവേശിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വിശാനിടയുളളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം

Previous ArticleNext Article