തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്ന പാഴ്സലിലാണ് സ്വര്‍ണം കണ്ടെത്തിയത്.യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് 30 കിലോ വരുന്ന സ്വര്‍ണം കണ്ടെത്തിയത്. രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.പാഴ്സലെത്തിയത് ദുബായില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് ആരാണ് പാഴ്സലയച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് പാഴ്സല്‍ രൂപത്തില്‍ സ്വര്‍ണ്ണം വന്നതെന്നാണ് സൂചന. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് വന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയത് എന്നാണ് വിവരം.