Kerala, News

മാനേജ്മെന്റിന്റെ അനാസ്ഥ;കൊച്ചിയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍

keralanews 29 students unable to write 10th standard examination in kochi due to failure of management

കൊച്ചി:മാനേജ്മെന്റിന്റെ അനാസ്ഥമൂലം പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിൽ.തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.സി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ സ്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്.സ്കൂള്‍ മാനേജ്മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്കൂളില്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു.സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ തന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നു. അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‍കൂളില്‍ എല്‍കെജി മുതല്‍ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്‌ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്‍കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.മുന്‍ വര്‍ഷങ്ങളില്‍ മറ്റ് സ്‍കൂളുമായി സഹകരിച്ചാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പരീക്ഷ എഴുതാന്‍ മറ്റൊരു സ്കൂള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ത്രിശങ്കുവിലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം അധികൃതര്‍ രക്ഷിതാക്കളില്‍ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവരം അറിയിക്കുന്നത്. നിലവില്‍ ഒന്‍പതാം ക്ലാസും പത്താം ക്ലാസും വിദ്യാര്‍ഥികള്‍ പഠിച്ചതിന് തെളിവുകളില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.അതേസമയം സംഭവുമായി ബന്ധപ്പെട്ട് സ്‍കൂള്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. സിബിഎസ്‌ഇ അധികൃതരുമായി ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ ഡല്‍ഹിയാണ്. മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.മാനേജ്മെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Previous ArticleNext Article