കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്. കെയുടെ തലശേരി പതിപ്പിന് നാളെ തിരിതെളിയും. തലശേരി ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അക്കാഡമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27 വരെയാണ് മേള. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.എന്‍. ഷംസീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നോവലിസ്റ്റ് എം. മുകുന്ദന്‍, ചലച്ചിത്ര സംവിധായകരായ ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസ നേരും.ആറ് തിയേറ്ററുകളില്‍ അഞ്ചു ദിവസങ്ങളിലായി 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രമായ ക്വാ വാഡിസ് ഐഡ പ്രദര്‍ശിപ്പിക്കും.മത്സര വിഭാഗത്തില്‍ ആദ്യം ബഹ്‌മെന്‍ തവോസി സംവിധാനം ചെയ്ത ‘ദി നെയിംസ് ഒഫ് ദി ഫ്ലവേഴ്‌സാ”ണ് പ്രദര്‍ശിപ്പിക്കുക. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ‘ദിസ് ഈസ് നോട്ട് എ ബറിയല്‍”, ഇറ്റ്‌സ് എ റെസ്രക്ഷന്‍, റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്‌വീന്‍ ഡൈയിംഗ്, ഇറാനിയന്‍ ചിത്രം മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര്‍ ഈസ് നോ ഈവിള്‍ എന്നീ മത്സരചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.ലോക സിനിമാ വിഭാഗത്തില്‍ യെല്ലോ ക്യാറ്റ്, സമ്മര്‍ ഒഫ് 85 എന്നിവയും പ്രദര്‍ശിപ്പിക്കും. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഒഫ് ദി കിംഗ്സ്, ഷൂജന്‍ വീയുടെ സ്‌ട്രൈഡിങ് ഇന്റു ദി വിന്‍ഡ്, നീഡില്‍ പാര്‍ക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേല്‍ ചിത്രം ലൈല ഇന്‍ ഹൈഫ എന്നിവയും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. വാര്‍ത്താസമ്മേളത്തില്‍ വി.കെ. ജോസഫ്, പ്രദീപ് ചൊക്ളി എന്നിവരും സംബന്ധിച്ചു.