
പഴയങ്ങാടി:പിലാത്തറ-പഴയങ്ങാടി റോഡിൽ അടുത്തിലയിൽ സ്വകാര്യ ബസ് കീഴ്മേൽ മറിഞ്ഞ് 25 പേർക്കു പരുക്ക്.ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. നിയന്ത്രണം വിട്ട ബസ് പൊടുന്നനെ കീഴ്മേൽ മറിയുകയായിരുന്നു.റോഡിൽനിന്നു നിരങ്ങിയ ബസ് സമീപത്തെ വൈദ്യുത തൂണിലിടിച്ചാണ് ഒരുവിധത്തിൽ നിന്നത്.ഉടൻ തന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചുവെങ്കിലും രക്ഷാപ്രവർത്തനത്തിനെത്തിയ ചിലർക്കു ഷോക്കേറ്റു. ബസിൽ നിന്ന് ഏറെ പണിപ്പെട്ടാണു യാത്രക്കാരെ പുറത്തെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.