തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പത്തു മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്.ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണയും സഭാ സമ്മേളനം നടത്തുന്നത്. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം കൂട്ടിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മാസം 15 നാണ് കേരള ബജറ്റ്. നാല് മാസ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. വോട്ടിംഗ് സംവിധാനം ഡിജിറ്റിലാക്കും. വൈഫൈ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. അതേസമയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സ്വര്‍ണക്കടത്ത് മുതല്‍ സ്പീക്കര്‍ക്കെതിരായ ആരോപണങ്ങള്‍ വരെ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എം ഉമ്മര്‍ നല്‍കിയ നോട്ടീസ് സഭ പരിഗണിക്കുമെന്നാണ് വിവരം. 14 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ പാലിച്ചാണ് ഇക്കുറി എം ഉമ്മര്‍ നോട്ടിസ് നല്‍കിയത്.