മുംബൈ: മഹാരാഷ്ട്രയിൽ ടാങ്കറിൽ നിന്നും ഓക്‌സിജൻ ചോർന്ന് 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ. സക്കിർ ഹുസൈൻ ആശുപത്രിയിൽ ഉച്ചയോടെയാണ് സംഭവം. ഓക്‌സിജനുമായി എത്തിയ സ്വകാര്യ കമ്പനിയുടെ ടാങ്കറാണ് ചോർന്നത്. ഏകദേശം അര മണിക്കൂറോളം വാതക ചോർച്ച തുടർന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന രോഗികളാണ് മരിച്ചത്.വെന്റിലേറ്ററുകളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് നാസിക് മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു. 171 രോഗികളാണ് സംഭവ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നത്. വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ടാങ്കറിൽ നിന്നും വാതകം ചോർന്നത് എങ്ങിനെയെന്ന് പരിശോധിക്കുമെന്ന് കമ്പനി അധികൃതരും അറിയിച്ചു ആശുപത്രിയിൽ രോഗികളെ മാറ്റി പാർപ്പിക്കുന്നതടക്കമുള്ള രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ പറഞ്ഞു. ഓക്സിജൻ ക്ഷാമം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതൽ ഓക്സിജൻ എത്തിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.