Kerala, News

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎമ്മിനു 12 ഉം സിപിഐക്കു നാലും മന്ത്രിമാര്‍

keralanews 21 member cabinet in the state the cpm has 12 ministers and the cpi has four

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരള കോണ്‍ഗ്രസ് എം 1, എന്‍സിപി 1 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച്‌ ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിയ്ക്ക് അഭ്യര്‍ഥിക്കും.എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാ പരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി ചേരുന്ന എല്‍ഡിഎഫ് യോഗമാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു.

Previous ArticleNext Article