- കൊച്ചി: സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന,മൂന്നോ അതിലധികോ ജീവനക്കാരുള്ള പെട്രോൾ പമ്പുകൾ ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ലൈസൻസ് എടുക്കണമെന്ന് നിഷ്കർഷിച്ചു കൊണ്ട് പ്രസ്തുത വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷൻ ബഹു.ഹൈക്കോടതി സ്റ്റേ ചെയ്തു.മേൽ സൂചിപ്പിച്ച ഗസറ്റ് നോട്ടിഫിക്കേഷനെ ചാലഞ്ച് ചെയ്തു കൊണ്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിക്കാർക്കു വേണ്ടി അഡ്വക്കേറ്റുമാരായ എം.പി.രാംനാഥ്,പി.രാജേഷ് (കോട്ടയ്ക്കൽ), എം.വർഗ്ഗീസ് വർഗ്ഗീസ്,കെ.ജെ. സെബാസ്റ്റ്യൻ,എസ്.സന്ധ്യ,ബെപിൻ പോൾ,ഷാലു വർഗ്ഗീസ്,ആൻ്റണി തരിയൻ, പൂജാ കൃഷ്ണ.കെ.ബി,ശാന്തി ജോൺ എന്നിവർ ഹാജരായി.
എത്തനോൾ ചേർത്ത പെട്രോളിൻ്റെ വിതരണം നിർത്തണം
കോട്ടയം: സംസ്ഥാനത്ത് മഴക്കാലം കഴിയുന്നത് വരെയെങ്കിലും എത്തനോൾ ചേർത്തുള്ള പെട്രോളിൻ്റെ വിതരണം പൊതുമേഖലാ എണ്ണക്കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
ഓയിൽ കമ്പനികൾ ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പെട്രോളിൽ 15% എത്തനോൾ ചേർത്താണ് പെട്രോൾ പമ്പുകളിൽ എത്തിച്ചേരുന്നത്.
ചെറിയ ജലാംശം പോലും എത്തനോൾ ചേർത്ത പെട്രോളുമായി കൂടിച്ചേരാനും അത് വാഹനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാവുകയും ചെയ്യും.
കേരളം പോലെ അതിശക്തമായ മഴയുണ്ടാകുന്ന മൺസൂൺ കാലത്ത് മേൽപ്പറഞ്ഞ പ്രതിഭാസത്തിന് സാധ്യത കൂടുതലാണ്.
ആയതിനാൽ മൺസൂൺ കഴിയുന്നത് വരെയെങ്കിലും എത്തനോൾ ബ്ലെൻഡഡ് പെട്രോളിൻ്റെ വിതരണം ഓയിൽ കമ്പനികൾ നിർത്തിവെക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു