ഡൽഹി:രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം മോദിയുടെ നേട്ടവും ചരിത്രത്തിലിടം പിടിച്ചു.രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിനായി വൈകിട്ട് ഏഴേകാലോടെ മോദി എത്തിച്ചേർന്നിരുന്നു. 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ശുചീകരണതൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ വരെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഈശ്വരനാമത്തിലായിരുന്നു മോദിയുടെ പ്രതിജ്ഞ. രണ്ടാമതായി പ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സിങ് ഇത്തവണ ജയിച്ചത്. മൂന്നാമത് പ്രതിജ്ഞ ചെയ്തത് അമിത് ഷായാണ്.ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മോദി സർക്കാരിൽ രണ്ടാമൂഴം ഉറപ്പിച്ച് എസ് ജയശങ്കറും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറാണ് കാബിനറ്റിൽ ഇടംപിടിച്ച മറ്റൊരാൾ. അതിന് ശേഷം കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാരിന്റെ മുൻ മന്ത്രിസഭാംഗമായ പീയൂഷ് ഗോയലും മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചു. മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ 72 അംഗങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ലോക്സഭാ തെരെഞ്ഞെടുപ്പ്; കണ്ണൂരിൽ കെ സുധാകരന് മിന്നും വിജയം
കണ്ണൂർ: ലോക്സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ വിജയവുമായി കോണ്‍ഗ്രസിന്റെ പടനായകന്‍ കെ.സുധാകരന്‍.ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി. എമ്മിനെ ഒരിക്കല്‍ കൂടി തറപറ്റിച്ചു സുധാകരൻ വിജയം സ്വന്തമാക്കിയത്. എം.വി ജയരാജനെന്ന സി പി എമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥിയെ തോല്‍പിച്ചാണ് ഇക്കുറി സുധാകരന്‍ ഡല്‍ഹിയിലെത്തുന്നത്.കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരൻ ഏറെക്കുറെ അനായാസമാണ് ജയിച്ചുകയറിയത്.ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധാകരന്‍ കണ്ണൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. 516665 വോട്ടുകള്‍ സുധാകരന്‍ നേടിയപ്പോള്‍ ജയരാജന് ലഭിച്ചത് 408596 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ സി രഘുനാഥ് 119465 വോട്ടുകള്‍ നേടി. ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. കേരളമൊട്ടാകെ യുഡിഎഫിനനുകൂലമായി കാറ്റ് വീശിയപ്പോൾ കണ്ണൂരിൽ സിപിഎം വീണ്ടും കനത്ത പരാജയം നേരിട്ടു. കണ്ണൂരിൽ കെ. സുധാകരനോളം കരുത്തുള്ള മറ്റൊരു കോൺഗ്രസ് നേതാവില്ലെന്ന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം. നിരവധി പേരുകൾ നേതൃത്വത്തിന്റെ മുന്നിലേക്ക് കടന്നുവന്നെങ്കിലും ഒടുവിൽ കെ. സുധാകരനുനേരെ തന്നെ പച്ചക്കൊടി വീശി. സുധാകരൻ കളത്തിലിറങ്ങിയതോടെ ജില്ലയിലെ യുഡിഎഫ് ഒന്നാകെ ഉണർന്നുപ്രവർത്തിച്ചു. കൃത്യമായ പദ്ധതികൾ ആസൂത്രണംചെയ്ത് അച്ചടക്കത്തോടെയും ഒഴുക്കോടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമായി.
വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ണം;ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും.തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്‌നം വരാറുള്ളത്. വോട്ടെണ്ണലിന്റെ റിയല്‍ ടൈം ഡാറ്റ മീഡിയ റൂമുകള്‍ വഴി ലഭിക്കും. എന്നാല്‍, പിഴവ് ഒഴിവാക്കാന്‍ കൂടുതല്‍ ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും പിഴവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.