റിപ്പോർട്ടിങ്ങിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷ് (34) അന്തരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്നപേരില്‍ മാതൃഭൂമി ഡോട്ട് കോമില്‍, നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69; 71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫലപ്രഖ്യാപനം നടത്തിയത്.99.69 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്..https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.2,995 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്.ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും.മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും..

പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ;രോഗ ബാധിതരുടെ എണ്ണം 11 ആയി

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നു പിടിച്ച് വെസ്റ്റ്‌നൈൽ ഫീവർ രോഗം. പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി.ഇതിൽ 5 പേർ രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചിരുന്നു. ഇവരുടെ രക്തം പരിശോധനയ്‌ക്കയക്കും. വെസ്‌റ്റൈൽ ഫീവർ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് അഞ്ചും തൃശ്ശൂരിൽ രണ്ട് പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്.ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള രക്തം മനുഷ്യരിലേക്കെത്തുമ്പോഴാണ് രോഗം പകരുന്നത്. പനി, തലവേദന, തളർച്ച, തലകറക്കം, പെരുമാറ്റത്തിലുള്ള വ്യത്യാസം, അപസ്മാരം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരെ രോഗം പെട്ടന്ന് പിടികൂടാനുള്ള സാധ്യത കൂടുതലാണ്.രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തവും സ്രവവും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ രോഗമാണിതെന്ന് കണ്ടെത്തിയത്. പിന്നീട് പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകുജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി.ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളതെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.

കുഞ്ഞിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; കൊച്ചിയിൽ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്.മേയര്‍ ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുശവപേടകം ആംബുലന്‍സില്‍നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചത്. പിന്നീട്, പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ശവമഞ്ചത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ശ്മശാനത്തിന്റെ ഒരു കോണിലൊരുക്കിയ വിശ്രമസ്ഥാനത്ത് അവനെയടക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനമ്പിള്ളി നഗറിലെ ഫ്‌ലാറ്റിലെ ശുചിമുറിയില്‍ പ്രസവിച്ച അവിവാഹിതയായ യുവതി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ സമ്മതപത്രം വാങ്ങിയാണ് പോലീസ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചത്.