എറണാകുളത്തും കോട്ടയത്തും കനത്ത മഴ;നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി; വൻ നാശനഷ്ടം

തിരുവനന്തപുരം:കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് ഉള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മരോട്ടിച്ചുവട്, തമ്മനം, കാക്കനാട്, ഇടപ്പള്ളി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.വെള്ളക്കെട്ടില്‍ വൈറ്റില, കലൂർ, തൃപ്പൂണിത്തുറ, കടവന്ത്ര, കളമശ്ശേരി എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലും സഹോദരൻ അയ്യപ്പൻ റോഡ്, പാലാരിവട്ടം-കാക്കനാട്, ആലുവ-ഇടപ്പള്ളി റോഡുകളിലും ചൊവ്വാഴ്ച രാവിലെ ഗതാഗതം സ്തംഭിച്ചു.കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തലനാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകൾ തകർന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ടയിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.ഭരണങ്ങാനത്തെ ഇടമുറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപ്പൊട്ടലുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അപകട സാധ്യതയുള്ള പ്രദേശത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച്‌ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവിട്ടു. അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചനം. മെയ് 31 മുതല്‍ കേരളത്തില്‍ കാലവർഷം എത്തും. ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

റിമാൽ ശക്തിപ്രാപിച്ച് രാത്രിയോടെ തീരം തൊടും;മണിക്കൂറിൽ 130 കിലോമീറ്റർ വേഗം;കൊല്‍ക്കത്തയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു, കനത്ത ജാഗ്രതാ നിര്‍ദേശം

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശക്തിപ്രാപിച്ച് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 110 മുതല്‍ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ തീര ജില്ലകളിലായിരിക്കും ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യത കൂടുതലെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്‌, ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. എന്നാല്‍, കാറ്റ് കേരളത്തിനെ ബാധിക്കില്ലെന്നാണ് നിഗമനം. കാറ്റിന്‍റെ ശക്തി ചൊവ്വാഴ്ചയോടെ കുറയും. മുൻകരുതൽ നടപടിയുടെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം താൽക്കാലികമായി അടച്ചിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇന്ന് ഉച്ച മുതൽ 21 മണിക്കൂർ നേരത്തേക്കാണ് കൊൽക്കത്ത വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. ഈ സമയത്ത് 394 ആഭ്യന്തര, അന്തർദേശീയ സർവീസുകളും മുടങ്ങും. സീൽദ, ഹൗറ ഡിവിഷനുകളിലെ നിരവധി ലോക്കൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ടെന്നും ചരക്കുകൾ കടത്തുന്നതും കണ്ടെയ്‌നർ പ്രവർത്തനങ്ങളും 12 മണിക്കൂർ നേരത്തേക്ക് നിർത്തി വയ്‌ക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ ഫലമായി കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വൈദ്യുതി പോലുള്ള സേവനങ്ങൾ തടസപ്പെടാനും നിരവധി നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യത;12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായേക്കും.കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് മഴ കനക്കാൻ ഇത് കാരണമാകും. മേയ് മാസത്തിൽ ലഭിക്കേണ്ട വേനൽമഴയെക്കാൾ അധികം ഇത്തവണ കേരളത്തിൽ മഴ ലഭിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ പൂർണമായി നിർത്തിവയ്‌ക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിന്റെ മതിൽ തകർന്നു. വിമാനത്താവളത്തിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകളിൽ കയറി .ശക്തമായ മഴയിലും കാറ്റിലും തൃശ്ശൂർ നഗരത്തിൽ രണ്ടിടങ്ങളിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; നാല് ജില്ലകളിൽ റെഡ് അലെർട്ട്; ജാ​ഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന്‍റെ തെക്കന്‍ തീരദേശത്തിന് മുകളിലായി ചക്രവാതചുഴിയും ഇവിടെനിന്ന് വടക്കന്‍ കര്‍ണാടകവരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ വ്യാപകമാകുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് നാളെയും റെഡ് അലെർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ടും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് വിനോദസഞ്ചാര വകുപ്പിന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണം.

തമിഴ്‌നാട്ടില്‍ കനത്ത മഴ, കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയം, 17കാരൻ മരിച്ചു

തെങ്കാശി: തെക്കൻ തമിഴ്‌നാട് ഭാഗങ്ങളില്‍ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തില്‍ മിന്നല്‍ പ്രളയമുണ്ടായി.പൊടുന്നനെയുള്ള കനത്ത മലവെള്ളപ്പാച്ചിലില്‍ കാണാതായ തിരുനെല്‍വേലി സ്വദേശി അശ്വിൻ(17) മരിച്ചു.കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം ജനങ്ങള്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിയ്ക്കെയായിരുന്നു അപകടം. വെള്ളം വന്നപ്പോഴേക്ക് സഞ്ചാരികള്‍ വേഗത്തില്‍ ഓടിമാറുകയായിരുന്നു. ഇതിനിടെയാണ് അശ്വിൻ ഒഴുക്കിള്‍പ്പെടുന്നത്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികള്‍ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകട സാദ്ധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പാണ്. ഒപ്പം മണ്ണിടിച്ചിലിനുള്ള സാദ്ധ്യതാ മുന്നറിയിപ്പുമുണ്ട്. നീലഗിരി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഊട്ടിയടക്കം വിവിധ ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതല്‍ 20 വരെ നിരോധിച്ചെന്ന് നീലഗിരി ജില്ലാ കളക്‌ടർ എം. അരുണ അറിയിച്ചു.

ഇളവുകള്‍ നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനം;സമരം പിൻവലിച്ച് ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം: ഡ്രൈവിം​ഗ് പരിഷ്കരണത്തിൽ മാറ്റം വരുത്തി മോട്ടോർ വാഹ​ന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ യൂണിയനുകളും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പരിഷ്കരണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനമായത്. സർക്കുലർ പിൻവലിക്കില്ലെന്നും പരിഷ്കരിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും മോട്ടോർ വാഹ​ന വകുപ്പ് അറിയിച്ചു. ഈ തീരുമാനത്തോടെ സമരം പിൻവലിക്കാൻ ഡ്രൈവിം​ഗ് സ്കൂള്‍ യൂണിയൻ സമരസമിതി തീരുമാനമായി.ഡ്രൈവിം​ഗ് ടെസ്റ്റിൽ രണ്ട് വശവും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോൾ ഡാഷ് ബോ‍ർഡ് ക്യാമറ ഉണ്ടാകും. ഒരു എംവിഡി ഉള്ള സ്ഥലത്ത് പ്രതിദിനം 40 പേർക്ക് ടെസ്റ്റ് നടത്തും. രണ്ട് എംവിഡിയുള്ള സ്ഥലത്ത് 80 പേർക്കും ടെസ്റ്റ് നടത്താം. പരിശീലനത്തിന് ഏകീകൃത ഫീസ് ആയിരിക്കും. ആദ്യം എച്ച് പരീക്ഷ, പിന്നീട് ടെസ്റ്റ് എന്നിങ്ങനെയായിരിക്കും.നിലവില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആര്‍.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്‍.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുന്നതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചു മണി വരെ 62.31 ആണ് പോളിങ് ശതമാനം.10 സംസ്ഥാനങ്ങളിലെ 96 ലോക്സഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. തെലങ്കാന – 17, ആന്ധ്രാപ്രദേശ് – 25, ഉത്തർപ്രദേശ് – 13, ബിഹാർ – അഞ്ച്, ഝാർഖണ്ഡ് – നാല്, മധ്യപ്രദേശ് – എട്ട്, മഹാരാഷ്ട്ര – 11, ഒഡിഷ – നാല്, പശ്ചിമ ബംഗാള്‍ – എട്ട്, ജമ്മു കശ്മീർ – ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. 75.66 ശതമാനത്തോടെ ബംഗാള്‍ ആണ് മുന്നില്‍. 35.75 ശതമാനം മാത്രം രേഖപ്പെടുത്തിയ ജമ്മു കശ്മീരിലാണ് ഏറ്റവും കുറവ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, അർജുൻ മുണ്ട, കോൺഗ്രസ്‌ നേതാവ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തുടങ്ങിയ പ്രമുഖർ നാലാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി;ജാമ്യം കര്‍ശന ഉപാധികളോടെ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയില്‍ മോചിതനായി. കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കേജരിവാള്‍ ജയില്‍ മോചിതനായത്. അൻപത് ദിവസത്തെ ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ കേജരിവാളിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകർ തിഹാർ ജയിലിനു മുൻപിൽ തടിച്ചു കൂടിയിരുന്നു. പടക്കം പൊട്ടിച്ചു മധുരം വിതരണം ചെയ്തുമാണ് നേതാവിനെ പ്രവർത്തകർ സ്വീകരിച്ചത്.സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്നും താൻ തിരികെ എത്തുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ തിരിച്ചു വന്നിരിക്കുന്നുവെന്നും അണികളെ അഭിസംബോധന ചെയ്ത് കേജരിവാള്‍ പറഞ്ഞു.നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ റോഡ് ഷോ ആയിട്ടാണ് കേജരിവാള്‍ ജയിലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി ജൂണ്‍ ഒന്ന് വരെയാണ് കേജരിവാളിന് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.അതേസമയം അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ രണ്ടിന് തന്നെ തിഹാര്‍ ജയിലധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കും; ഉത്തരവിറക്കി തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പൂജയ്ക്കായും നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്‍ , മലബാര്‍ ദേവസ്വംബോര്‍ഡുകള്‍. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.അരളിപ്പൂവിന്റെ ഉപയോ​ഗം ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാസപരിശോധനാഫലം വരുന്നത് വരെ ഇടക്കാല തീരുമാനമെന്ന നിലയ്‌ക്കാണ് അരളിപ്പൂ ഒഴിവാക്കുന്നതെന്നും ഭക്തരുടെ സുരക്ഷ പരി​ഗണിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്ന് ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

എയര്‍ ഇന്ത്യ എക്സ്‌പ്രസ് പ്രതിസന്ധിക്ക് പരിഹാരം; പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കും; തീരുമാനം ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍

ന്യൂഡല്‍ഹി: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിക്കാൻ തീരുമാനം. ഡല്‍ഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം പിൻവലിക്കാൻ തീരുമാനിച്ചത്.സിക് ലീവെടുത്ത് ഡ്യൂട്ടിയില്‍ നിന്ന് മാറി നിന്ന ജീവനക്കാർ ഉടൻ ജോലിയില്‍ തിരികെ കയറുമെന്ന് സമരം ചെയ്ത ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യുണിയൻ അറിയിച്ചു.പ്രതിഷേധത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട 30 കാബിൻ ക്രൂ അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് എയർലൈൻസ് മാനേജ്‌മെന്റും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിൻ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്.ഇതോടെ ബുധനാഴ്ച 90 സർവീസുകള്‍ മുടങ്ങി. തുടർന്നാണ് മാനേജ്‌മന്റ് നടപടിയുമായി രംഗത്തുവന്നത്. ഡല്‍ഹി ദ്വാരകയിലെ ലേബർ ഓഫീസില്‍ നടത്തിയ ചർച്ചയില്‍ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ എച്ച്‌ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധീകരിച്ച്‌ ചർച്ചയില്‍ പങ്കെടുത്തത്.പുതിയ ജോലി വ്യവസ്ഥകള്‍ക്കെതിരെയാണ് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധം. ജീവനക്കാരെ തുല്യമായി പരിഗണിക്കുന്നതിലെ വീഴ്ചയാണ് മുഖ്യകാരണം. സീനിയർപദവിക്കായി ഇന്റർവ്യു പാസായെങ്കിലും ചില ജീവനക്കാർക്ക് താഴ്ന്ന ജോലിവാഗ്ദാനങ്ങളാണ് കിട്ടിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. നഷ്ടപരിഹാര പാക്കേജിലെ ഭേദഗതികളെയും കാബിൻ ക്രൂ അംഗങ്ങള്‍ വിമർശിക്കുന്നു.