രണ്ടര വയസ്സുകാരിയെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു; തട്ടിക്കൊണ്ടുപോകലിൽ വ്യക്തതയില്ല; പരിശോധനയുമായി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതെ പോയ രണ്ടുവയസുകാരി മേരിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കുട്ടിക്ക് വേണ്ടി സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, ഇതുവരെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യമായ സൂചനകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല.കുട്ടിയുടെ രക്ഷിതാക്കളോടും അടുത്തപ്രദേശത്തുള്ളവരോടും പോലീസ് നിരന്തരം വിവരങ്ങൾ തേടിവരികയാണ്. എന്നാൽ, ഈ മൊഴികളിലൊന്നും തന്നെ വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ നടന്നോ എന്നത് ഉറപ്പിച്ചുപറയാൻ കഴിയില്ലഎന്നാണ് കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.അതിനിടെ സ്‌കൂട്ടറിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവരെ കണ്ടുവെന്ന് സംശയം അറിയിച്ച് യുവാവ് പോലീസിനെ സമീപിച്ചിരിക്കുകയാണ്. രണ്ട് യുവാക്കൾ ചേർന്ന് കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്നത് കണ്ടു എന്നാണ് യുവാവ് പോലീസിനെ അറിയിച്ചത്. രാത്രി 12. 30 ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയുമായി പോകുന്നത് കണ്ടതെന്നും യുവാവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിന്റെ മൊഴി ശേഖരിച്ച് വരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചക്കലിൽ താമസിക്കുന്ന ഒരു കുടുംബവും പോലീസിനെ സമീപിച്ചിട്ടുണ്ട്.കുട്ടിയെ കാണാതായിട്ട് 12 മണിക്കൂറുകൾ പിന്നിട്ടിട്ടും സംഭവത്തിൽ ഒരു തരത്തിലുള്ള ആശ്വാസ വാർത്തയും ഇതുവരെ ലഭിച്ചിട്ടില്ല.ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ടയിൽ നിന്നാണ് അമർദ്വീപ് -റമീനദേവി ദമ്പതികളുടെ മകൾ മേരിയെ തട്ടിക്കൊണ്ടുപോയത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സർക്കാർ

ബെംഗളൂരു:വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ കര്‍ണാടക വനംവകുപ്പ് തുരത്തിയ മോഴയാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്.ഫെബ്രുവരി 10-നാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലിയും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാഗ്ദാനം.ആനയെ മയക്കുവെടിവെച്ച് പിടിക്കാനായി വനംവകുപ്പ് നടത്തിയ ദൗത്യം വിജയിച്ചിരുന്നില്ല. അപ്പോഴേക്കും കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് കടന്ന ബേലൂര്‍ മഖ്‌ന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.

സംസ്ഥാനത്ത് ചൂട് കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച്‌ ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്‌.സി/സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ചൂട് വധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇത് സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് അറിയിക്കുന്നത്.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.