മലപ്പുറം: താനൂർ ഒട്ടുമ്പ്രം ബീച്ചിൽ ഹൗസ്ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. കുട്ടികളും മുതിർന്നവരുമടക്കം 35 പേർ ബോട്ടിൽ ഉണ്ടായിരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് മുങ്ങിയത്. ബോട്ടിൽ കയറാവുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ വെളിച്ച കുറവ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുകയാണ്.തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ.പൊള്ളാച്ചി സ്വദേശി സുജയ് (32), ഭാര്യ കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരെ തമിഴ്‌നാട് പൊലീസിന് കൈമാറി.ചൊവ്വാഴ്ചയാണ് കോയമ്പത്തൂര്‍ എടയാര്‍പാളയം സ്വദേശിനി സുബ്ബലക്ഷ്മി(20) മരിച്ചത്. സ്വകാര്യ കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മിയെ സുജയിയുടെ ഫ്‌ലാറ്റിലാണ് കഴുത്തില്‍ കുത്തേറ്റ നിലയില്‍ കണ്ടെടുകയായിരുന്നു. സുജയും സുബ്ബലക്ഷ്മിയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് സുജയ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.ഇവര്‍ പൊള്ളാച്ചി കോട്ടാംപട്ടിയിലെ ഗൗരിനഗറിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. അടുത്തിടെ, ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സുജയിന്റെ ഭാര്യ നാട്ടില്‍പ്പോയിരുന്നു. ചൊവ്വാഴ്ച സുജയിയുടെ ഫ്‌ലാറ്റില്‍ എത്തിയ സുബ്ബലക്ഷ്മി യുവാവുമായി വഴക്കിട്ടു. അതിനിടെയാണ് കൊലപാതകം നടന്നത് എന്നും പൊലീസ് പറഞ്ഞു.സുബ്ബലക്ഷ്മിയെ കുത്തിയ കാര്യം അമ്മയെ അറിയിക്കുകയും മരണം പൊലീസിനെ അറിയിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടതിന് ശേഷം സുജയ് ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.കൊലപാതകത്തിനു ശേഷം സുജയും രേഷ്മയും ബൈക്കില്‍ നാടു വിടുകയായിരുന്നുവെന്നാണ് സൂചന. ഇരുവരും കണ്ണൂര്‍ ജില്ലയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍നിന്ന് പുലര്‍ച്ചയോടെ ഇരുവരെയും പിടികൂടിയത്.
സംസ്ഥാനത്ത് വേനലവധിക്ക് ക്ലാസുകൾ വേണ്ടെന്ന കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്;CBSEക്കും ബാധകം
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് നടത്തരുതെന്ന കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.നിർദ്ദേശങ്ങൾ ലംഘിച്ച് പല സ്കൂളുകളിലും ക്ലാസ്സുകൾ നടത്തുന്നതായുള്ള വിവരങ്ങളെ തുടർന്നാണ് നിർദേശം പുറത്തിറക്കിയത്.ക്ലാസ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും DPI നിർദേശിച്ചിട്ടുണ്ട്.എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകൾക്കും നിരോധന ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനം കനത്ത ചൂടിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.വേനലവധിക്ക് ക്ലാസുകള്‍ നടത്തി ക്ലാസില്‍ വച്ചോ അല്ലെങ്കില്‍ യാത്രയ്ക്കിടയിലോ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കും.
വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം ; വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു. തിരുവല്ല, തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാൽ റെയിൽവെക്ക് വരുമാനം കൂടാൻ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.നേരത്തെ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.അതേസമയം രണ്ട് ദിവസം മുൻപ് തിരൂരിനു സമീപം വച്ച് വന്ദേഭാരതിനു നേരെ കല്ലേറുണ്ടായിരുന്നു. മലപ്പുറം തിരുർ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. സി 4 കോച്ചിലാണ് കല്ലേറുണ്ടായത്.ട്രെയിനിന്റെ ചില്ലിൽ വിളളൽ വീണു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വന്ദേഭാരതിന് സുരക്ഷ കൂട്ടാനാണ് ആർ പി എഫ് തീരുമാനം
കടബാധ്യത; വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ
വയനാട്: കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കര്‍ഷകൻ ജീവനൊടുക്കി. ചെന്നലോട് പുത്തൻപുരയിൽ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹം
കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുൻപ് വിഷം കഴിച്ച് അവശ നിലയായി കൃഷിയിടത്തിൽ ദേവസ്യയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് ദേവസ്യക്കുണ്ടായിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിക്കും വേണ്ടിയായിരുന്നു ഇദ്ദേഹം കടമെടുത്തത്.
ഓപ്പറേഷൻ കാവേരി; ജിദ്ദയിൽ നിന്ന് 186 പേരടങ്ങുന്ന വിമാനം കൊച്ചിയിലെത്തി
ജിദ്ദ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട പ്രത്യേക വിമാനം കൊച്ചിയിലെത്തി.ഓപ്പറേഷൻ കാവേരിയുടെ ഭാഗായി ജിദ്ദയിൽ നിന്നും ഇന്ത്യയിലെത്തുന്ന ഒൻപതാമത്തെ വിമാനമാണിത്. ജിദ്ദയിൽ നിന്ന് കൊച്ചിയിലേയ്‌ക്ക് ഒൻപതാമത്തെ വിമാനം 186 യാത്രാക്കാരുമായി പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 2500 ഇന്ത്യൻ പൗരന്മാരെയാണ് സുഡാനിലെ സംഘർഷ ഭൂമിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇതിൽ 2300 പേരെ ഇന്ത്യയിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.യുദ്ധഭൂമിയായി മാറിയ സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ദൗത്യത്തിന്റെ പേരാണ് ഓപ്പറേഷൻ കാവേരി.കപ്പൽ,വിമാനം എന്നിവ ഉപയോഗിച്ചാണ് ഇന്ത്യക്കാരെ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിക്കുന്നത്. തുടർന്ന് ജിദ്ദയിൽ നിന്ന് വ്യോമസേന, വാണിജ്യ വിമാനങ്ങളിലായി നാട്ടിലെത്തിക്കും.
കണ്ണൂരിൽ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു
കണ്ണൂർ: വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പള്ളി പാലരിഞ്ഞാല്‍ സ്വദേശി എം കെ ശശി(51)ആണ് മരിച്ചത്.വീടിന് സമീപത്ത് വച്ച് അബദ്ധത്തില്‍ ഷോക്കേൽക്കുകയായിരുന്നു.ടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആറളം പഞ്ചായത്ത് മുൻ അംഗമായ എം കെ ശശി നിലവിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.അപകടകാരണം പരിശോധിച്ചു വരുകയാണെന്നും അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും അധികൃതർ അറിയിച്ചു.