ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം.മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി.കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കർ പുരസ്‌കാരം നേടി.എം എം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എം എം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി.14 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഓസ്‌കർ ഇന്ത്യയിലേക്ക് എത്തുന്നത്. ചന്ദ്രബോസ് എഴുതി എംഎം കീരവാണി ഈണമിട്ട ഗാനമാണ് നാട്ടു നാട്ടു. പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നതായാണ് കീരവാണി പറഞ്ഞത്.ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ഗാനരംഗത്തിൽ ചുവടുവച്ചത്.ഗോൾഡൻ ഗ്ലോബിലും മികച്ച ഒറിജനൽ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്.
കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച വ്യാപാരി ഹർത്താൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വ്യാഴാഴ്ച വ്യാപാരി ഹർത്താൽ.മലിനജല പ്ലാന്റിന്റെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കിയതിനെതിരെയാണ് ഹർത്താൽ.കോർപറേഷൻ ഓഫീസിൽ ഉപരോധിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രെട്ടറി പുനത്തിൽ ബാഷിത് അറിയിച്ചു.അതേസമയം ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കും.മലിനജല ശുദ്ധീകരണ പ്ലാന്റിനായി കണ്ണൂർ കോർപറേഷനിലെ താളിക്കാവ്, കാനത്തൂർ ഡിവിഷനുകളിൽ പെട്ട വിവിധ റോഡുകൾ വെട്ടിപ്പൊളിച്ചിരുന്നു.പൈപ്പിടൽ പ്രവർത്തിക്കായാണ് റോഡ് കുഴിച്ചത്. എന്നാൽ ഇത് പഴയപടി ആക്കാൻ വൈകുന്നത് വലിയ ദുരിതമാണ് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വീടുകളിലെ താമസക്കാർക്കും ഉണ്ടാക്കുന്നത്.ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ കടകൾ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.പൊടിശല്യം കാരണം വ്യാപാരം നടക്കുന്നില്ല. വ്യാപാരികൾക്കും ജീവനക്കാർക്കും വിവിധ രോഗങ്ങൾ പിടിപെടുന്നു.കോർപറേഷന്റെ കെടുകാര്യസ്ഥതക്കെതിരെ കോർപറേഷൻ ഓഫീസിൽ ഉപരോധിക്കുമെന്നും വ്യാപാരികൾ അറിയിച്ചു.വ്യാപാരി ഹർത്താൽ വാഹന ഗതാഗതത്തിനു തടസ്സമാകില്ല.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് സി കെ ജയപ്രകാശ് അറിയിച്ചു.
പുനലൂർ കല്ലടയാറ്റിൽ ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു;മരിച്ചത് അമ്മയും രണ്ട് മക്കളും
കൊല്ലം: പുനലൂർ കല്ലടയാറ്റിൽ ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.പിറവന്തൂർ സ്വദേശിനി രമ്യ രാജ്, മകൾ അഞ്ച് വയസുകാരി ശരണ്യ, മൂന്നു വയസുകാരനായ മകൻ സൗരഭ് എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. മുക്കടവ് റബർ പാർക്കിന് സമീപം മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. റോഡിലൂടെ സത്രീയും രണ്ട് കുട്ടികളും നടന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.നാട്ടുകർ അറിയിച്ചതോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലാണ് കല്ലടയാറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു.മൂവരുടേയും ശരീരം ഷാൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; 5-ാം ദിനവും തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്;പുക കൂടുതൽ ഭാഗത്തേക്ക് പടരുന്നു
കൊച്ചി: തീപിടുത്തം ഉണ്ടായി അഞ്ചു ദിവസമായിട്ടും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്‌ക്കാനാകാതെ ഫയർ ഫോഴ്സ്.തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇപ്പോഴും പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയ്‌ക്ക് കാരണമെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്.അഞ്ച് ദിവസമായി 27-ൽ അധികം ഫയർ യൂണിറ്റുകൾ ദൗത്യം തുടരുന്നുണ്ടെങ്കിലും 80 ശതമാനം തീയാണ് അണക്കാനായത്. മാലിന്യം പുകഞ്ഞ് കത്തുന്നതിനാൽ കൂടുതൽ ഹിറ്റാച്ചികളെത്തിച്ച് അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച് വെള്ളം തളിക്കാനാണ് ലക്ഷ്യം. ഇത്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്ക് കൂട്ടൽ.അതേസമയം പ്ലാന്റിൽ നിന്നുള്ള പുക കൊച്ചി നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂർ, വൈറ്റില എന്നിവിടങ്ങളും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റർ ദൂരെയുള്ള അരൂർ ഭാഗത്തേക്കും പുക എത്തി. കഴിഞ്ഞ രാത്രി കാക്കനാട്, മരട് പ്രദേശങ്ങളിലേക്ക് പുക ഉയർന്നിരുന്നു. ഇതിനിടയിൽ ജില്ലയിലെ ഏഴാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്‌ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു അവധിയായിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു;രണ്ടു ജില്ലകളിൽ ജാഗ്രതാ നിർദേശം;ജലക്ഷാമം രൂക്ഷമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്നു.സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. രണ്ടു ജില്ലകളിൽ ഇന്നും നാളെയും മൂന്നു മുതൽ അഞ്ചു ഡിഗ്രിവരെ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°c മുതൽ 39°c വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം താപനില ക്രമാതീതമായി വർദ്ധിച്ചതോടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രം മുന്നറിയിപ്പ് നൽകി.വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. ഇതേ രീതിയിൽ അന്തരീക്ഷ താപനില വർദ്ധിക്കുകയാണൈങ്കിൽ ജല ഉപഭോഗത്തിൽ നിയന്ത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ ആവശ്യമായി വന്നേക്കാം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചില സ്ഥലങ്ങളെ ഭൂഗർഭ ജലത്തിന്റെ തോത് ക്രിട്ടികൽ നിലയിലാണ്.മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നും ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂരിൽ തെരുവ് നായ ആക്രമണം, വിദ്യാർത്ഥികടക്കം 20 പേർക്ക് കടിയേറ്റു
കണ്ണൂർ:കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥികടക്കം 20 പേർക്ക് നായയുടെ കടിയേറ്റു.കാലത്ത് 9.15 ന് സ്കൂളിൽ പോകാൻ തയാറെടുക്കുകയായിരുന്ന മൂന്ന് വിദ്യാർഥികൾക്കും, വീട്ടമ്മമാർ ഉൾപ്പെടെ നിരവധിപേർക്കുമാണ് കടിയേറ്റത്. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. പരിക്കേറ്റവർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് നൽകുകയും മൂന്നു പേരെ പരിയാരത്തേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. പ്രദേശത്തുകാർ ഭീതിയിലായിരിക്കെ, എല്ലാവരെയും കടിച്ചത് ഒരൊറ്റ നായയാണെന്നും ആ നായയെ പിടികൂടുന്നതിനുള്ള നടപടികൾ ഞങ്ങൾ ആരംഭിച്ചതായും കോർപ്പറേഷൻ അധികൃതർ വെളിപ്പെടുത്തി.